തിരൂരങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ വിമത സ്ഥാനാർഥികൾക്കെതിരെ പാർട്ടികൾ നടപടി തുടങ്ങി. തിരൂരങ്ങാടി നഗരസഭയിലെ അഞ്ചാം ഡിവിഷൻ പന്താരങ്ങാടിയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മുസ്‌ലിം ലീഗ് ഡിവിഷൻ സെക്രട്ടറി അയ്യൂബ് കുന്നുമ്മലിനെ ഉൾപ്പെടെ മൂന്ന് ഡിവിഷൻ ഭാരവാഹികളെ മുസ്‌ലിം ലീഗ് പുറത്താക്കി. 32ാം ഡിവിഷൻ ചെമ്മാട്ട് മുസ്‌ലിം ലീഗ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന എസ്.ടി.യു നേതാവ് കക്കടവത്ത് അഹമ്മദ് കുട്ടിയെയും എട്ടാം ഡിവിഷൻ ചെമ്മാട് യു.ഡി.എഫ് സ്ഥാനാർഥി സി.എം.പിയിലെ പി.ടി. ഹംസക്കെതിരെ മത്സരിക്കുന്ന യൂത്ത് ലീഗ് ഡിവിഷൻ പ്രസിഡൻറ് മഞ്ഞമാട്ടിൽ ബാപ്പുട്ടിയെയുമാണ് മുസ്‌ലിം ലീഗ് പുറത്താക്കിയത്.
17ാം ഡിവിഷൻ കൊടിമരത്ത് യു.ഡി.എഫ് വിരുദ്ധ പ്രവർത്തനം നടത്തിയ കെ.പി. ശിഹാബിനെ കോണ്‍ഗ്രസിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി അറിയിച്ചു.
ഡിവിഷൻ 32 ചെമ്മാട്ട് എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ രംഗത്തുള്ള ഐ.എൻ.എൽ പ്രാദേശിക നേതാവ് എം. ഹംസക്കുട്ടിയെയും പാർട്ടിയിൽനിന്ന് പുറത്താക്കി. ഡിവിഷൻ 39 പള്ളിപ്പടിയിൽ സി.പി.എം സ്ഥാനാർഥിക്കെതിരെ എ.ഐ.വൈ.എഫ് പ്രവർത്തകരുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥി ചപ്പങ്ങത്തിൽ സിബിന മത്സരരംഗത്തുണ്ട്. ഇവരുമായി സി.പി.ഐക്കോ ബഹുജന സംഘടനകൾക്കോ ബന്ധമില്ലെന്ന് സി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി അറിയിച്ചു.
തിരൂരങ്ങാടി നഗരസഭയിൽ 117 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 21 വാർഡുകളുള്ള നന്നമ്പ്രയിൽ 76 സ്ഥാനാർഥികളും 17 വാർഡുകളുള്ള തെന്നലയിൽ 51 സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
കോട്ടക്കൽ: യു.ഡി.എഫ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ മുസ്‌ലിം ലീഗിലെ വിമത സ്ഥാനാർഥികളെയും ഭാരവാഹികളെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു. ലീഗ് കമ്മിറ്റികളെയും പിരിച്ചുവിട്ട നേതൃത്വം യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വ്യക്തമാക്കി.
ഡിവിഷൻ 28ലെ ലീഗ് ഭാരവാഹി ഹുസൈൻ തെക്കിനിയത്ത്, ഹസൈൻ തെക്കിനിയത്ത്, ഡിവിഷൻ 20ലെ സ്ഥാനാർഥി മുളഞ്ഞിപ്പുലാൻ അബ്ദുസമദ്, ഡിവിഷൻ 32ൽ മത്സരിക്കുന്ന നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷ ആലമ്പാട്ടിൽ റൈഹാനത്ത് എന്നിവരെയാണ് പുറത്താക്കിയത്.
ധാരണക്ക് വിരുദ്ധമായി സ്വതന്ത്രയായാണ് റൈഹാനത്ത് മത്സരിക്കുന്നത്. നിലവിൽ വനിത ലീഗ് ട്രഷറർ ആണ്. ഇടത് പ്രലോഭനത്താലാണ് ചില വാർഡുകളിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പാർട്ടിയുടെ ഒരു ആനുകൂല്യങ്ങളും വിട്ടുവീഴ്ചകളും ഇത്തരക്കാർക്ക് ഉണ്ടാകില്ല.
29 ഇടത്ത് യു.ഡി.എഫ് ചിഹ്നത്തിൽ മത്സരിക്കുമ്പോൾ സ്വതന്ത്ര ചിഹ്നത്തിലാണ് എൽ.ഡി.എഫ് ജനവിധി തേടുന്നത്. വികസന ഭരണ തുടർച്ച ഉണ്ടാകുമെന്നും നേതാക്കൾ അവകാശപ്പെട്ടു. 32ൽ എട്ട് സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. അഞ്ചിടത്ത് ചിഹ്നത്തിലും മൂന്നിടത്ത് സ്വതന്ത്രരുമാണ്.യു.ഡി.എഫ് നേതാക്കളായ പരവക്കൽ ഉസ്മാൻ കുട്ടി, പി. സേതുമാധവൻ, സാജിദ് മങ്ങാട്ടിൽ, പാറോളി മൂസക്കുട്ടി ഹാജി, ഗോപീകൃഷ്ണൻ, കെ.കെ. നാസർ, സുധീർ കോട്ടക്കൽ എന്നിവർ പങ്കെടുത്തു.
പാണ്ടിക്കാട്: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് രണ്ടുപേരെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി അറിയിച്ചു.
മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻറ് കെ.വി. ഇഖ്ബാൽ, ഐ.എൻ.ടി.യു.സി മണ്ഡലം മുൻ പ്രസിഡൻറ് എം.കെ. സുധീർ എന്നിവരെയാണ് പുറത്താക്കിയത്. ഇവർ നടത്തിയ പ്രവർത്തനങ്ങൾ പാർട്ടിയിലെ മുന്നണിമര്യാദകൾ ലംഘിച്ചെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.കെ. നാസർ, വി. മജീദ്, പി.ആർ. രോഹിൽനാഥ് എന്നിവർ പറഞ്ഞു.
കെ.വി. ഇഖ്ബാൽ 17ാം വാർഡ് പയ്യപറമ്പിൽനിന്നും എം.കെ. സുധീർ 22ാം വാർഡ് തറിപ്പടിയിൽനിന്നും സ്വതന്ത്ര സ്ഥാനാർഥികളായി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. നിലവിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറും കഴിഞ്ഞ ഭരണസമിതിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി. മജീദ് മാസ്റ്ററാണ് 17ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി.
കൊണ്ടോട്ടി: തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലേക്കുള്ള യു.ഡി.എഫ് ഔേദ്യാഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്‍കിയ വിമതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റികള്‍ നേതൃത്വത്തെ സമീപിച്ചു. ലീഗ്-കോണ്‍ഗ്രസ് ഭാരവാഹികളായ അര ഡസനോളം വിമതരാണ് മത്സരരംഗത്തുള്ളത്. അടുത്ത ദിവസങ്ങളിലായി ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
മുസ്‌ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഷറഫ് മടാനെതിരെ വിമതനായി രംഗത്തുള്ള മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡൻറ് ഇ.എം. റഷീദ്, വാര്‍ഡ് 38 തച്ചത്തുപ്പറമ്പില്‍ വിമതനായി മത്സരിക്കുന്ന ലീഗ് മുന്‍ പഞ്ചായത്തംഗം ഇ.എം. ഉമ്മര്‍ എന്നിവര്‍ക്കെതിരെയാണ് മുസ്‌ലിം ലീഗ് നടപടി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് വിമതരായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അഷ്റഫ് പറക്കൂത്ത, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.പി. റഹ്മത്തുള്ള, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അസ്മാബി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസ്, കാരിമുക്കിലെ വിമതസ്ഥാനാര്‍ഥി പി.കെ. രാജന്‍ എന്നിവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് നടപടി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് സീറ്റായ കാരിമുക്കിലും പൊയിലിക്കാവിലും കോണ്‍ഗ്രസിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ രംഗത്തുണ്ട്.
അതേസമയം, ഈ മേഖലയില്‍ കാലങ്ങളായി ഒരുകൂട്ടര്‍ മാത്രം മത്സരിക്കുന്നതിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് മുനിസിപ്പല്‍ നേതൃത്വവും രംഗത്തുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.