പൊന്മള: പൊന്മള ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പുളിയൻതോടിൽ തടയണ നിർമാണവുമായി ബന്ധപ്പെട്ട പരാതിയിൽ ഇന്റേണൽ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോർട്ട് നൽകാൻ എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർക്ക് തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ ഉത്തരവ്. ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റേതാണ് ഉത്തരവ്.
പരാതിയുടെയും പത്രികയുടെയും ഉത്തരവിന്റെ പകർപ്പ് ജോയന്റ് ഡയറക്ടർക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അയച്ചുനൽകണമെന്നും ഉത്തരവിലുണ്ട്. പരാതി സംബന്ധിച്ച വിചാരണ 2024 ജനുവരി 23ന് നടക്കും. 2017-18 വർഷത്തെ പദ്ധതി സംബന്ധിച്ച് പൊന്മള പരവേങ്ങൽ രായിൻകുട്ടിയാണ് പരാതി നൽകിയത്. 22.17 ലക്ഷം രൂപ ചെലവഴിച്ച് മലപ്പുറം ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നടപ്പാക്കിയത്.
പദ്ധതിക്ക് എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി നടത്തിയിട്ടില്ലെന്നും പ്രദേശത്തെ കർഷകർക്ക് തടയണയുടെ ഉപകാരം ലഭിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, എൽ.എസ്.ജി.ഡി ഡബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ, എൽ.ഐ.ഡി അസി. എക്സി. എൻജിനീയർ എന്നിവർക്കെതിരെയാണ് പരാതി.
എന്നാൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും അസി. എക്സി. എൻജിനീയറും നൽകിയ പത്രിക പ്രകാരം എസ്റ്റിമേറ്റ് അനുസരിച്ചുള്ള പണി നടന്നിട്ടുണ്ടെന്ന് ഓംബുഡ്സ്മാനെ അറിയിച്ചിട്ടുണ്ട്. പദ്ധതിയിൽ നാടിന് ഗുണം ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരൻ പി. രായിൻകുട്ടി അറിയിച്ചു.
ഉദ്യോഗസ്ഥർ നൽകിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തടയണയാണ് തോട്ടിൽ സ്ഥാപിച്ചതെന്നും പരാതിക്കാരന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും മുൻ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ വി. അബ്ദുറഹ്മാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.