കേരളത്തിലെ ഇതര ലോക്സഭ മണ്ഡലങ്ങൾക്ക് ഒന്നുമില്ലാത്ത പ്രത്യേകത പൊന്നാനി, മഞ്ചേരി മണ്ഡലങ്ങൾക്ക് ഉണ്ടായിരുന്നു. ഈ മണ്ഡലങ്ങളെ ദീർഘകാലം പ്രതിനിധീകരിച്ചത് മലയാളം ഒട്ടുമറിയാത്ത, ലീഗിന്റെ മുൻ അഖിലേന്ത്യ പ്രസിഡന്റുമാരായ ഇബ്രാഹിം സുലൈമാൻ സേട്ടും ജി.എം. ബനാത്ത്വാലയുമാണ്. സുലൈമാൻ സേട്ട് ബംഗളൂരു സ്വദേശിയും ബനാത്ത്വാല മുംബൈക്കാരനുമാണ്.
1977 മുതലുള്ള ഏഴു തെരഞ്ഞെടുപ്പുകളിൽ പൊന്നാനിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ബനാത്ത്വാല, നീണ്ട 22 വർഷമാണ് പാർലമെന്റിൽ പൊന്നാനിയുടെ ശബ്ദമായത്. 1967ലും 71ലും കോഴിക്കോട്ടുനിന്നും പാർലമെന്റിലെത്തിയ സേട്ട് 77, 80, 84, 89 തെരഞ്ഞെടുപ്പുകളിൽ ലോക്സഭയിൽ മഞ്ചേരിയുടെ അമരക്കാരനായി. ഒടുവിൽ 1991ൽ പൊന്നാനിയിൽനിന്നാണ് സേട്ട് തെരഞ്ഞെടുക്കപ്പെട്ടത്.
മൂന്ന് പതിറ്റാണ്ടിലേറെ നീളുന്നതാണ് സേട്ടിന്റെ പാർലമെന്റ് ജീവിതം. തെരഞ്ഞെടുപ്പ് വേളകളിൽ എതിരാളികൾ സേട്ടിനും ബനാത്ത്വാലക്കും നേരെ ‘ദേശാടനകിളികൾ’ എന്നു അക്ഷേപം ചൊരിഞ്ഞിരുന്നെങ്കിലും എതാണ്ട് എല്ലാ തെരഞ്ഞെടുപ്പുകളിലും ലക്ഷത്തിൽപരം വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സേട്ടിന് മുമ്പ് മഞ്ചേരി മണ്ഡലത്തെ 1962ലും 67ലും 71ലും പ്രതിനിധീകരിച്ച ലീഗിന്റെ പ്രഥമ പ്രസിഡന്റ്, തമിഴ്നാട് സ്വദേശിയായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിനും മലയാളം വശമില്ലായിരുന്നു. ഒരേ മണ്ഡലത്തിൽനിന്ന് ഏഴു തവണ വിജയിയായ ബനാത്ത്വാലയുടെ നേട്ടം സംസ്ഥാനത്ത് മറ്റാർക്കും എത്തിപ്പിടിക്കാനായിട്ടില്ല. 1977, 80, 84, 89, 96, 98, 99 എന്നീ തെരഞ്ഞെടുപ്പുകളിലാണ് പൊന്നാനിയിൽനിന്ന് അദ്ദേഹം ലോക്സഭയിലെത്തിയത്.
ഇബ്രാഹിം സുലൈമാൻ സേട്ട്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ. അഹമ്മദ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും ഏഴു തവണ ലോക്സഭാംഗമായെങ്കിലും വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നായിരുന്നു. മുല്ലപ്പള്ളി അഞ്ചു തവണ കണ്ണൂരിൽ നിന്നും രണ്ടു തവണ വടകരയിൽ നിന്നും എം.പിയായി.
മഞ്ചേരിയിൽ നിന്ന് നാലു തവണയും മണ്ഡലം അതിരുകളും പേരും മാറി മലപ്പുറമായപ്പോൾ 2009ലും 2014ലും പൊന്നാനിയിൽ നിന്ന് 2004 ലുമാണ് അഹമ്മദ് പാർലമെൻറിലെത്തിയത്. കോൺഗ്രസ് നേതാവ് കൊടികുന്നിൽ സുരേഷ് 1989, 91, 96, 98 - അടൂർ, 1999, 2014, 2019 - മാവേലിക്കര എന്നിവിടങ്ങളിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബനാത്ത്വാല കേരളത്തിൽനിന്നും എം.പി ആവുന്നതിന് മുമ്പ് 1967ലും 72ലും മഹാരാഷ്ട്രയിലെ ഉമർഖാദി നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭാംഗമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.