പൊന്നാനി: ദേശീയപാത വികസനത്തിൽ പുതുപൊന്നാനി മേഖലയിൽ അടിപ്പാത നിർമ്മിക്കുന്നത് സംബന്ധിച്ച് അനുഭാവ പൂർണ പരിഗണനയുണ്ടാകണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈകോടതി. അടിപ്പാത ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഹൈകോടതി നിർദേശം. അടിപ്പാത അനുവദിച്ചില്ലെങ്കിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എം.ഐ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എം. അബ്ദു സമദ്, വി.പി. അബ്ദുൽ മജീദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങളിൽ അനുഭാവ പൂർണ പരിഗണനയുണ്ടാകണമെന്ന് ദേശീയ പാത അതോറിറ്റിയോട് നിർദേശിച്ച് കോടതി ഹരജി തീർപ്പാക്കി. ഹരജിക്കാർക്കുവേണ്ടി അഡ്വ. രാജേഷ് നാരായണൻ, കെ.പി. അബ്ദുൽ ജബ്ബാർ എന്നിവർ ഹാജരായി.
അടിപ്പാത നിർമിക്കാത്തത് പുതുപൊന്നാനി, കടവനാട് മേഖലയിലെ 25000ത്തിലേറെ വരുന്ന താമസക്കാരേയും, അഞ്ച് വിദ്യാലയങ്ങളിലെ വിദ്യാർഥികളെയും നേരിട്ട് ബാധിക്കുമെന്നത് ചൂണ്ടികാട്ടിയാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. നിലവിലെ അലൈൻമെന്റ് പ്രകാരം ദേശീയ പാതയിലെ ആനപ്പടിക്കും വെളിയങ്കോടിനുമിടയിൽ 4.3 കിലോമീറ്റർ ഭാഗത്ത് അണ്ടർ പാസുകളില്ലാത്തതിനാൽ ഈ മേഖലയിലുള്ളവർക്ക് റോഡ് മുറിച്ചു കടക്കാൻ ദീർഘദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പുതുപൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബി.എഡ് കോളജ്, അറബിക് കോളജ്, എ.യു.പി സ്കൂൾ, ജി.എഫ്.യു.പി സ്കൂൾ, കടവനാട് ജി.എഫ്.എൽ.പി സ്കൂൾ, പുതുപൊന്നാനി ജി.എഫ്. എൽ.പി സ്കൂൾ തുടങ്ങിയവ ഈ മേഖലയിലാണ്. ദിനേന ആറായിരത്തോളം കുട്ടികളാണ് ഇവിടെ വന്നുപോകുന്നത്. നിലവിലെ അവസ്ഥയിൽ കുട്ടികൾക്ക് സ്കൂളിലെത്താനും തിരിച്ചു പോകാനും റോഡ് മുറിച്ചു കടക്കൽ ദുഷ്കരമായിരിക്കും.
മൂന്ന് ക്ഷേത്രങ്ങളും അഞ്ച് പള്ളികളും തീർഥാടന കേന്ദ്രമായ പുതുപൊന്നാനി മുനമ്പത്ത് ബീവി ജാറവും ഈ മേഖലയിലാണ്. മൃതദേഹങ്ങൾ ഖബറടക്കാൻ കൊണ്ടുവരാനും പ്രയാസപ്പെടും. പുതുപൊന്നാനി പാലത്തിനും ആനപ്പടിക്കുമിടയിൽ അണ്ടർ പാസ് വരുന്നതോടെ യാത്രാ സൗകര്യമാകുമെന്ന് നിയമ പോരാട്ടത്തിനായി രൂപവത്കരിച്ച ജനകീയ സമിതി ചൂണ്ടികാണിക്കുന്നു. നേരത്തേ മെട്രോമാൻ ഇ. ശ്രീധരൻ വിഷയത്തിൽ ഇടപെടുകയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ, അനുകൂല മറുപടിയല്ല ലഭിച്ചത്. ഇതേതുടർന്നാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
അനുകൂല നടപടിയില്ലാത്ത പക്ഷം നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ജനകീയ സമിതി അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെ.പി. അബ്ദുൽ ജബ്ബാർ, എ.എം. അബ്ദുസമദ്, സുനിൽകുമാർ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.