പൊന്നാനി: പൊന്നാനി ഭാരതപ്പുഴയോരത്തെ കർമ റോഡിന്റെ പുഴയോട് ചേർന്ന ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. പുഴയോട് ചേർന്ന ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടം വർധിക്കാൻ ഇടയാക്കുന്നത്. കൂടാതെ കർമ റോഡിൽ യുവാക്കളുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അപകടം വിളിച്ചുവരുത്തുകയാണ്. സംരക്ഷണ ഭിത്തിയില്ലാത്തത് മൂലം കഴിഞ്ഞ ദിവസം കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പുഴയരികിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
റോഡും സംരക്ഷണ ഭിത്തിയും ഒരേ ഉയരത്തിലായതിനാൽ ഇരുചക്ര വാഹനങ്ങളുൾപ്പെടെ തെന്നിവീഴാനുള്ള സാധ്യതയും ഏറെയാണ്. പുതുതായി കർമ റോഡിലെ ഈശ്വരമംഗലം ഭാഗത്തെ കൊടുംവളവിൽ സിഗ്നലുകൾ ഇല്ലാത്തതും പുഴയോര ഭിത്തി ഉയരത്തിൽ നിർമിക്കാത്തതുമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെയും മേഖലയിൽ സമാന അപകടങ്ങൾ സംഭവിച്ചിരുന്നു. നേരത്തെയുണ്ടായ അപകടങ്ങളിൽ തലനാരിഴക്കാണ് ജീവഹാനി സംഭവിക്കാതിരുന്നത്. ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഭാഗമായതിനാൽ അടിയന്തര സുരക്ഷ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ഭാഗത്ത് താൽക്കാലിക വേലി കെട്ടുകയും സ്ഥിരം സംവിധാനമെന്ന നിലയിൽ സുരക്ഷ ഭിത്തി ഉയരത്തിൽ നിർമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.