പൊന്നാനി: പൊന്നാനി ബിയ്യം പാർക്കിലെ നവീകരണം ഒക്ടോബർ മാസത്തോടെ പൂർത്തിയാകും. കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ റൈഡുകളും ഉപകരണങ്ങളും ഉപയോഗിക്കാൻ പറ്റാത്തവിധം തുരുമ്പെടുത്ത് നശിച്ചതിനെത്തുടർന്നാണ് ജില്ല ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപണികൾ നടക്കുന്നത്. തുരുമ്പെടുത്ത ഉപകരണങ്ങൾ കുട്ടികൾ അടക്കമുള്ളവർക്ക് വലിയ ഭീഷണിയായിരുന്നു. വർഷങ്ങളായി ഇവ ഉപയോഗിക്കാൻ കഴയാതിരുന്നിട്ടും അധികൃതർ സമയബന്ധിതമായി നന്നാക്കാൻ തയാറാകുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പാർക്കിനോട് ചിറ്റമ്മ നയമാണ് ടൂറിസം വകുപ്പ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുയർന്നിരുന്നു. രണ്ട് സ്ഥിരം ജീവനക്കാരടക്കം നാല് പേരാണ് പാർക്കിലുള്ളത്.
രണ്ട് സെക്യൂരിറ്റി ജീവനക്കാരും രണ്ട് ശുചീകരണ തൊഴിലാളികളുമുള്ള പാർക്ക് വേണ്ട രീതിയിൽ പരിപാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൂർണമായും തകർന്ന ഉപകരണങ്ങൾക്ക് പകരം പുതിയവ സ്ഥാപിച്ചും മറ്റുള്ളവ അറ്റകുറ്റപണി നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.