തിരൂർ: തവനൂർ സെൻട്രൽ ജയിലിലെ മോശം അവസ്ഥയെക്കുറിച്ച് പരാതി നൽകിയതിനെ തുടർന്ന് ക്രൂരമർദനമേറ്റതായി കോടതിയിൽ ജഡ്ജിയോട് തടവുകാരന്റെ വെളിപ്പെടുത്തൽ. തിരൂർ ഇരിങ്ങാവൂർ പടിക്കപറമ്പിൽ മുഹമ്മദ് ബഷീറാണ് (40) കഴിഞ്ഞദിവസം തിരൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോൾ ജയിലിൽ മർദനത്തിനിരയായതായി പരാതി നൽകിയത്. ജയിലറും ഒമ്പത് വാർഡന്മാരും ചേർന്ന് തന്നെ മർദിക്കുകയായിരുന്നെന്ന് പ്രതി കോടതിയിൽ ജഡ്ജിയോട് പരസ്യമായി വെളിപ്പെടുത്തുകയായിരുന്നു.
പരാതി എഴുതി വാങ്ങിയ ജഡ്ജി മൊഴി രേഖപ്പെടുത്തി ഇയാളെ തിരൂർ ജില്ല ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കയച്ചു. തിരൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം ജില്ല ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ലാത്തി കൊണ്ട് മർദിച്ചതിന്റെ അടയാളങ്ങളുള്ളതായി ഡോക്ടർ റിപ്പോർട്ട് നൽകി.
കഴിഞ്ഞ ജൂൺ 25നാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ബഷീറിനെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. രണ്ട് ജോഡി വസ്ത്രംകഴുകിയാണ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ പരിശോധനക്കെത്തിയ ജയിൽ സൂപ്രണ്ട് തടവുകാരൻ ജയിൽ വസ്ത്രം ഉപയോഗിക്കാത്തതിനെ തുടർന്ന് ദേഷ്യപ്പെട്ടു. തനിക്ക് ജയിൽവസ്ത്രം ലഭിച്ചില്ലെന്നും ഇത്രയും ദാരിദ്ര്യമുള്ള ജയിൽ വേറെയുണ്ടാവില്ലെന്നും അറിയിച്ച് ബഷീർ പരാതി നൽകി.
ഇതോടെ ജയിലറും ഒമ്പത് വാർഡന്മാരും സെല്ലിലെത്തി മർദിക്കുകയായിരുന്നെന്നാണ് പ്രതിയുടെ പരാതി. ചുമരിൽ ഇടിച്ചും തലമുടി പിടിച്ചുവലിച്ചും മർദിച്ചെന്നും ഒരു വാർഡൻ കാലിൽ ചവിട്ടിനിന്ന് ലാത്തികൊണ്ട് നിരന്തരം അടിച്ചതായും ഇയാൾ പരാതിപ്പെട്ടു.
ഡോക്ടറെ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും എസ്കോർട്ടിന് ആളില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് ബഷീർ ജഡ്ജിയെ ബോധിപ്പിച്ചു. ശരീരമാസകലം പാടുണ്ടായിരുന്നെന്നും ഒന്നരമാസം മുമ്പ് നടന്ന മർദനമായതിനാൽ പുറത്തെ മുറിപ്പാടുകൾ മായ്ഞ്ഞതിനാലാണ് പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിക്കാതിരുന്നതെന്നും തടവുകാരനുവേണ്ടി ഹാജരായ അഭിഭാഷകൻ കെ.വി. വിമൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.