മലപ്പുറം: കോട്ടപ്പടി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിന് പിറകിൽ പണിയാൻ ഉദ്ദേശിക്കുന്ന ആരോഗ്യ വകുപ്പിന്റെ പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിടം വൈകും. വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) ലഭിക്കുന്നതിന് എടുക്കുന്ന കാലതാമസമാണ് പ്രശ്നത്തിന് കാരണം. സെപ്റ്റംബറിലാണ് കെട്ടിടം പണിയാനായി വിദ്യാഭ്യാസ വകുപ്പിന്റെ 25 സെന്റ് സ്ഥലം വിട്ട് നൽകണമെന്ന് കാണിച്ച് ജില്ല മെഡിക്കൽ ഓഫിസർ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകിയത്. എന്നാൽ, വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുകൂല നടപടി ലഭിക്കാത്ത് കാരണം പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് ലാബിന് മികച്ച സൗകര്യത്തോടെ പുതിയ കെട്ടിടം നിർമിക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോട്ടപ്പടിയിൽ പദ്ധതി നടപ്പിലാക്കാൻ അധികൃതർ നിശ്ചയിച്ചത്.
ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് സ്ഥലം സന്ദർശിക്കുകയും അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് പി. ഉബൈദുല്ല എം.എൽ.എയും ആവശ്യപ്പെട്ടിരുന്നു. പുതിയ കെട്ടിടം പണിയാൻ പ്രധാനമന്ത്രി ഇൻഫ്രാസ്ട്രക്ടചർ മിഷന്റെ 1.25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കലക്ടറേറ്റിൽ നിന്ന് കോട്ടപ്പടിയിലേക്ക് മാറ്റുന്നതോടെ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പദ്ധതി ഏറെ ഗുണകരമാകും.
2018 നവംബർ 19ന് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ഷൈലജയാണ് പബ്ലിക് ഹെൽത്ത് ലാബ് കലക്ടറേറ്റിൽ ഉദ്ഘാടനം നിർവഹിച്ചത്. 40 ലക്ഷം രൂപ ചെലവഹിച്ച് സിവില്‍ സ്റ്റേഷനിലെ പഴയ കൃഷി വകുപ്പ് കെട്ടിടത്തിലാണ് ലാബ് പ്രവർത്തിക്കുന്നത്. രാവിലെ 8.30 മുതല്‍ ഉച്ചക്കുശേഷം രണ്ടുവരെയാണ് പ്രവര്‍ത്തന സമയം. ഷുഗര്‍, കൊളസ്ട്രോള്‍, ലിവര്‍-കിഡ്നി ഫങ്ഷന് ടെസ്റ്റുകള്‍, കൗണ്ട് തുടങ്ങിയ ടെസ്റ്റുകളും, എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ രോഗാണുനിര്ണയ പരിശോധനയും കേന്ദ്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.