കോട്ടക്കൽ: 15 ദിവസത്തിനിടെയുണ്ടായത് വലിയ രണ്ട് അപകടങ്ങൾ. യാത്രക്കാർ രക്ഷപ്പെട്ടതെല്ലാം ഭാഗ്യംകൊണ്ട് മാത്രം. അപകടങ്ങൾ കണ്ട് പ്രദേശത്തുകാരുടെ മനസ്സ് മരവിച്ചിട്ടും അധികൃതർക്ക് ഇപ്പോഴും കുലുക്കമുണ്ടായിരുന്നില്ല. ഒടുവിൽ തിങ്കളാഴ്ച രാവിലെ പത്തരക്ക് ഒതുക്കുങ്ങൽ പഞ്ചായത്തിൽ യോഗം ചേരാൻ തീരുമാനമായി. പഞ്ചായത്ത് ഭരണസമിതി, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. അനുകൂല തീരുമാനമില്ലെങ്കിൽ ജനകീയ പ്രതിഷേധങ്ങൾക്കൊരുങ്ങുകയാണ് നാട്ടുകാർ. ജില്ലയിലെ പ്രധാന അപകട മേഖലയായ കോട്ടക്കൽ പുത്തൂരിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മാത്രം 12 പേർക്കാണ് പരിക്കേറ്റത്. സിമന്റ് മിക്സിങ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വിവിധ വാഹനങ്ങളിലും ട്രാൻസ്ഫോർമറിലും ഇടിച്ച് മറിയുകയായിരുന്നു.
കോട്ടക്കൽ- മലപ്പുറം, പെരിന്തൽമണ്ണ- കോട്ടക്കൽ പാതയിലെ പ്രധാന ജങ്ഷനാണ് പുത്തൂർ. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലം. എന്നാൽ, അടിക്കടിയുണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങൾ നാടിനെ ഭീതിയിലാഴ്ത്തുകയാണ്. റോഡിന്റെ അശാസ്ത്രീയതക്ക് പുറമെ രണ്ട് കിലോമീറ്ററോളം ചെങ്കുത്തായ ഇറക്കമാണ് പെരിന്തൽമണ്ണ -കോട്ടക്കൽ റോഡിന്റെ ഏറ്റവും വലിയ ശാപം. കുത്തനെയുള്ള റോഡിന്റെ ഒരു ഭാഗം താഴ്ചയുള്ള പ്രദേശമാണ്. വളവും തിരിവും ഇറക്കവുമുള്ള റോഡിൽ വലിയ വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്.
വലിയപറമ്പ് അരിച്ചോൾ മുതൽ താഴെ ജങ്ഷൻ വരെയുള്ള പാത സ്ഥിരം അപകടമേഖലയായിട്ട് വർഷങ്ങളായി. വലിയ വാഹനങ്ങൾക്ക് സ്ഥല പരിചയമില്ലാത്തതും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇറക്കത്തിൽ ചെറിയ ഹമ്പുകളും മുന്നറിയിപ്പ് ബോർഡുകളും വേണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ നാലിന് ചരക്കുലോറി മൂന്ന് വാഹനങ്ങളിലിടിച്ചാണ് മറിഞ്ഞത്.
ഓരോ അപകടങ്ങൾക്ക് ശേഷവും പൊലീസ്, മോട്ടോർ വാഹന വകുപ്പ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്നെന്നല്ലാതെ പരിഹാരമാകാത്തതാണ് പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നത്. അതേസമയം, ശനിയാഴ്ച അപകടം വരുത്തിയ ടാങ്കർ ലോറിക്ക് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. പടപ്പറമ്പ് ഭാഗത്ത് മുന്നിലും പിറകിലുമായി സംവിധാനമൊരുക്കി മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെ ലോറി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്നാണ് പുത്തൂരിൽ അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.