വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണക്കുന്ന സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാർഥിയായി രംഗത്തുവന്നയാളെ മുസ്ലിം ലീഗ് പാർട്ടിയിൽനിന്ന് പുറത്താക്കി.
ഇയാളുടെ കൂടെ നിന്ന വാർഡ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ അഡ്ഹോക് കമ്മിറ്റിയെ ജില്ല കമ്മിറ്റി നോമിനേറ്റ് ചെയ്യുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നിർദേശം ലംഘിച്ച് സംഘടന വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത 17ാം വാർഡ് കമ്മിറ്റിയെയാണ് ജില്ല നേതൃത്വം പിരിച്ചുവിട്ടതായി ഓഫിസിൽനിന്ന് അറിയിച്ചത്.
17ാം വാർഡിൽ വിമത സ്ഥാനാർഥിയായി രംഗത്തുവന്ന ഒ.പി. ഷാഹുൽ ഹമീദിനെയും ഒ.പി. മുനീർ, ടി. അബ്ദുൽ ഹഖ് എന്നിവരെയുമാണ് പാർട്ടി പുറത്താക്കിയത്. പറപ്പൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫുമായി വെൽഫെയർ പാർട്ടി ധാരണയിലെത്തിയ 17ാം വാർഡിലാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനെ നിർത്തിയത്. വിമത സ്ഥാനാർഥിത്വവുമായി മുന്നോട്ടു പോയവരെയും വാർഡ് കമ്മിറ്റിയെയും ജില്ല നേതൃത്വം പിരിച്ചുവിടുകയായിരുന്നു.
പകരം മാതപ്പുലാൻ മൂസ ഹാജി (പ്രസി), നമ്പ്യാരത്ത് അബ്ദുൽ മജീദ്, ഹാരിസ് പാങ്ങാട്ടിൽ (വൈസ് പ്രസി), പാങ്ങാട്ടിൽ അബ്ദുൽ റഹീം (ജന. സെക്ര), സുഹൈൽ ആട്ടീരിത്തോടി, റാഫി താഴത്തെതിൽ (സെക്ര), ടി.കെ. അബ്ദുൽ റസാഖ് (ട്രഷ) എന്നിവർ ഭാരവാഹികളായി അഡ്ഹോക് കമ്മിറ്റിയെ തുടർപ്രവർത്തനങ്ങൾക്കായി ജില്ല കമ്മിറ്റി നോമിനേറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.