വള്ളിക്കുന്ന്: മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കാൻ കാലപ്പഴക്കം നിശ്ചയിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം. 15 വര്‍ഷം കഴിഞ്ഞ ഇരുമ്പ് ബോട്ടുകള്‍ക്കും 12 വര്‍ഷം കഴിഞ്ഞ മരം-ഫൈബര്‍ ബോട്ടുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാത്ത നടപടിയാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്.
വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തി, പുതുമോടിയില്‍ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളെ കാലപ്പഴക്കത്തിന്റെ പേര് പറഞ്ഞ് അധികൃതര്‍ ലൈസന്‍സ് പുതുക്കുന്നത് തടയുകയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഉത്തരവെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം.
ബോട്ടുകളുടെ നിലവിലുള്ള സുരക്ഷ സാഹചര്യങ്ങള്‍ കുറ്റമറ്റതാണെന്ന് പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രവര്‍ത്തനക്ഷമതയും കരുത്തുമുള്ള മത്സ്യബന്ധനത്തിന് യോഗ്യമായ ബോട്ടുകള്‍ കാലപ്പഴക്കത്തിൻന്റെ കാരണം പറഞ്ഞ് പൊളിച്ചു നീക്കണമെങ്കില്‍ മതിയായ നഷ്ടപരിഹാരം അനുവദിക്കണം. ലക്ഷങ്ങള്‍ വായ്പയെടുത്ത് കടലിലിറക്കിയ ബോട്ടുകള്‍ വായ്പ കാലാവധി തീരുന്നതിന് മുമ്പ് പൊളിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. പുതിയ നിര്‍ദേശത്തോടെ നൂറുകണക്കിന് ബോട്ടുകള്‍ ബേപ്പൂര്‍, വെള്ളയില്‍, പുതിയാപ്പ, ചോംബാല തുടങ്ങിയ തുറമുഖങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
ആയിരക്കണക്കിന് തൊഴിലാളികളെയും കുടുംബങ്ങളെയും അനുബന്ധ മേഖലയിലുള്ളവരെയും പട്ടിണിയിലാക്കുന്ന തീരുമാനം ഉപേക്ഷിക്കണമെന്നും മേഖലയെ തകര്‍ക്കുന്ന അശാസ്ത്രീയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു ജില്ല ജോ. സെക്രട്ടറി സത്താർ ആനങ്ങാടി, വൈസ് പ്രസിഡന്റ് വി.പി. ഹംസക്കോയ, ഭാരവാഹികളായ ഇ.പി. ഷുഹൈബ്, അർഷാദ് പുളിക്കൽ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.