പുളിക്കല്‍: സ്വകാര്യവ്യക്തികള്‍ കൈയേറിയ റോഡിന്റെ സ്ഥലം തിരിച്ചുപിടിച്ച് പുളിക്കല്‍ ഗ്രാമപഞ്ചായത്ത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വകാര്യവ്യക്തികള്‍ കൈയേറിയതിനെ തുടര്‍ന്ന് ഇല്ലാതായ ഹാര്‍ബര്‍ റോഡില്‍നിന്ന് ചെന്നീരി നഗറിലേക്കുള്ള റോഡിന്റെ സ്ഥലമാണ് റവന്യൂ വകുപ്പിന്റ സഹായത്തോടെ ഗ്രാമപഞ്ചായത്ത് വന്‍ സുരക്ഷ ക്രമീകരണങ്ങളോടെ ഒഴിപ്പിച്ചെടുത്തത്. ഇതോടെ 20 കുടുംബങ്ങള്‍ താമസിക്കുന്ന ചെന്നീരി നഗറിലെ യാത്രാപ്രതിസന്ധിക്ക് പരിഹാര മാര്ഗമൊരുങ്ങി.
30 വര്‍ഷം മുമ്പ് വരെ ചെന്നീരി നിവാസികള്‍ ഉപയോഗിച്ചിരുന്ന റോഡ് വ്യാപകമായ കൈയേറ്റത്തെ തുടര്‍ന്ന് വാഹനയാത്രക്ക് പറ്റാത്തവിധം നഷ്ടമാകുകയായിരുന്നു. വാഹനഗതാഗതത്തില്‍ സൗകര്യമില്ലാത്തതിനാല്‍ തെന്നീരിയിലെ വിദ്യാര്‍ഥികളും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രയാസമാണ് അനുഭവിച്ചിരുന്നത്. ഇതുസംബന്ധിച്ച് തദ്ദേശീയര്‍ 2021ല്‍ ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.
വിഷയം ഗ്രാമപഞ്ചായത്ത് അധികൃതര്‍ താലൂക്ക് ഓഫിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് താലൂക്ക് സർവേ വിഭാഗം നടത്തിയ പരിശോധനയിലാണ് 14 സെന്റിലധികം സ്ഥലം പത്തിലധികം ഭൂവുടമകള്‍ കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ നൗഫലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സുരക്ഷ ക്രമീകരണങ്ങളോടെ റവന്യു, സർവേ വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് റോഡിന്റെ യഥാര്‍ഥസ്ഥലം അളന്ന് ചിട്ടപ്പെടുത്തി കുറ്റിയടിച്ച് അതിരിട്ടു.
സ്ഥലം ലഭ്യമായ സാഹചര്യത്തില്‍ ചെന്നീരി നഗറിലേക്ക് ആവശ്യമായ റോഡൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.