മലപ്പുറം/അരീക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാഹളം മുഴക്കിയെത്തിയ കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് ജില്ലയിൽ വൻ വരവേൽപ്പ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി നയിക്കുന്ന ജാഥക്ക് ആവേശ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയെത്തി. െപാതുയോഗങ്ങളിൽ വി.ഡി. സതീശനും കെ. സുധാകരനും സി.പി.എമ്മിനേയും ബി.ജെ.പിയേയും ഒരു പോലെ കടന്നാക്രമിച്ചു. പിണറായിയും മോദിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്നും ജനം ഇത് തിരിച്ചറിയുമെന്നും ഇരുനേതാക്കളും പറഞ്ഞു. തുറന്ന വാഹനത്തിലാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് നേതാക്കളെ ആനയിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3.30 ന് അരീക്കോട്ടെത്തിയ ജാഥയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. പൊതുയോഗത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദിൻ ഉദ്ഘാടകനായെത്തിയത് സദസിനെ ആവേശത്തിലാക്കി. പത്തനാപുരം പാലത്തിൽ നിന്ന് സമരനായകന്മാരെ വാദ്യമേള അകമ്പടിയോടെ തുറന്ന ജീപ്പിലാണ് വേദിയിലേക്കെത്തിച്ചത്. ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പി.കെ ബഷീർ എം.എൽ.എ, എ.പി. അനിൽകുമാർ എ.എൽ.എ, ഷാഫി പറമ്പിൽ എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കെ.പി.സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം കിഴക്കേത്തലയിലെ രണ്ടാമത്തെ സ്വീകരണ യോഗം വൈകീട്ട് എട്ടോടെയാണ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദിനായിരുന്നു മലപ്പുറത്തും പൊതുയോഗ ഉദ്ഘാടകൻ. വെള്ളിയാഴ്ച രാവിലെ രാവിലെ 10.30 ന് മലപ്പുറം ടൗൺ ഹാളിൽ വി.ഡി. സതീശനും കെ. സുധാകരനും പങ്കെടുക്കുന്ന ജനകീയ ചർച്ച സദസ്സ് നടക്കും. വിവിധ വികസന പ്രശ്നങ്ങളും സർക്കാറുകൾക്കെതിരായ പരാതികളും നേതാക്കൾ കേൾക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് എടപ്പാളിലാണ് ജില്ലയിലെ അവസാന സ്വീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.