മലപ്പുറം: സമൂഹത്തിലെ ഏറ്റവും പാർശ്വവത്കൃതരും, പ്രത്യേക പരിഗണന അർഹിക്കുന്നവരോടും ചേർന്ന് നിൽക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പാർലമെൻറ് അംഗവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു.
മലപ്പുറത്ത് നഗരസഭയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ‘സമ്പൂർണ ജനപക്ഷം മലപ്പുറം’ പദ്ധതിയുടെ ഭാഗമായ സൗജന്യ പായസവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി മുഖാന്തരം നഗരസഭ ഓഫിസിൽ മുഴുവൻ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ഓഫിസിൽ എത്തുന്ന പരാതിക്കാർക്കും സന്ദർശകർക്കും പ്രത്യേകം തയാറാക്കിയ കൗണ്ടർ മുഖാന്തരം പായസം വിതരണം ചെയ്യും.
കൂടാതെ പരാതിക്കാരോടൊപ്പം എത്തുന്ന കൈക്കുഞ്ഞുങ്ങൾക്ക് ചോക്ലേറ്റ് നൽകും. നഗരസഭ സന്ദർശകർ പരാതിക്കാർ എന്നിവർക്കിടയിൽ നിന്ന് പ്രതിമാസം ഒരാളെയും വാർഷിക അടിസ്ഥാനത്തിൽ മൂന്ന് വ്യക്തികളെയും തെരഞ്ഞെടുത്തു ബംപർ സമ്മാനങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ളതാണ് പദ്ധതി. ചടങ്ങിൽ പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ഉപാധ്യക്ഷ ഫൗസിയ കുഞ്ഞിപ്പു, സ്ഥിരസമിതി അധ്യക്ഷരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, കൗൺസിലർ സി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.