മലപ്പുറം: തിങ്കളാഴ്ച അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കം അന്തിമ ഘട്ടത്തിൽ. അധ്യാപകരുടെയുടെയും പി.ടി.എ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ഒരുക്കം നടത്തുന്നത്. സന്നദ്ധ-യുവജന സംഘടനകളും സജീവമായി രംഗത്തുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള പരിശീലനം കഴിഞ്ഞതോടെ മേയ് 25 ഓടെ മുന്നൊരുക്കങ്ങൾക്കായി തയാറെടുക്കാൻ സ്കൂൾ പ്രധാനധ്യാപകർക്ക് ജില്ല വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ജില്ലതലം മുതൽ വാർഡ് തലം വരെ പ്രവേശനോത്സവം ഗംഭീരമാക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധനയും സുരക്ഷയും വിലയിരുത്തി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള മുഴുവൻ പുസ്തകങ്ങളും വിതരണം പൂർത്തിയാക്കിയിട്ടുണ്ട്. അൺ എയ്ഡഡ് തലങ്ങളിലേക്കുള്ള പുസ്തക വിതരണം ഞായറാഴ്ചയോടെ പൂർത്തീകരിക്കും. ജില്ല സ്കൂൾ പ്രവേശനോത്സവം ഇത്തവണ കോട്ടപ്പടി ഗേൾസ് എച്ച്.എസ്.എസിൽ രാവിലെ 9.30ന് വിവിധ പരിപാടികളോടെ അരങ്ങേറും. മന്ത്രി വി.അബ്ദുറഹ്മാൻ പങ്കെടുക്കും.
ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് തലങ്ങളിലായി 1,559 വിദ്യാലയങ്ങളിലാണ് പ്രവേശനോത്സവം നടക്കുന്നത്. സർക്കാർ തലത്തിൽ എൽ.പി -348, യു.പി -96, എച്ച്.എസ് -106 അടക്കം 550 വിദ്യാലയങ്ങളുണ്ട്. എയ്ഡഡ് തലത്തിൽ എൽ.പി -487, യു.പി -229, എച്ച്.എസ് -85 അടക്കം 801വും അൺ എയ്ഡഡ് തലത്തിൽ എൽ.പി -40, യു.പി -39, എച്ച്.എസ് -129 അടക്കം 208 വിദ്യാലയങ്ങളും പ്രവേശനോത്സവം ഗംഭീരമാക്കാൻ സജ്ജമായിട്ടുണ്ട്.
മേയ് 30 വരെയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ വിദ്യാലയങ്ങളിലെ പരിശോധന 85 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ 95 ശതമാനം കടന്നതായും ഞായറാഴ്ചയോടെ 100 ശതമാനം പൂർത്തീകരിക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 30 വരെയുള്ള കണക്ക് പ്രകാരം എ.ഇ.ഒ ഡി.ഇ.ഒ തലങ്ങളിലായി 1,226 സ്കൂളുകളിൽ പരിശോധന പൂർത്തിയാക്കി. മലപ്പുറം, തിരൂരങ്ങാടി ഡി.ഇ.ഒ തലങ്ങളിൽ 100 ശതമാനവും വണ്ടൂർ ഡി.ഇ.ഒ തലത്തിൽ 98വും തിരൂർ ഡി.ഇ.ഒ തലത്തിൽ 92 ശതമാനവും പരിശോധന പൂർത്തിയാക്കി. എ.ഇ.ഒ തലത്തിൽ തിരൂരിൽ 100 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. അരീക്കോട് എ.ഇ.ഒ തലത്തിലാണ് കുറവുള്ളത്. 61 ശതമാനമാണ് പരിശോധന പൂർത്തീകരിച്ചത്.
കണക്കുകൾ പ്രകാരം ജില്ലയിൽ 17 എ.ഇ.ഒ തലങ്ങളിലായി 119 വിദ്യാലയങ്ങൾക്കാണ് പൂർണമായി യൂനിഫോം ലഭിച്ചത്. 764 വിദ്യാലയങ്ങൾക്ക് ഭാഗികമായും യൂനിഫോം കിട്ടി. 34 വിദ്യാലയങ്ങൾക്കാണ് ഒട്ടും യൂനിഫോം ലഭിക്കാത്തതായിട്ടുള്ളത്. 32,202 കുട്ടികൾക്ക് പൂർണമായും 1,80,244 കുട്ടികൾക്ക് ഭാഗികമായും യൂനിഫോം കിട്ടിയിട്ടുണ്ട്. 14,079 കുട്ടികൾക്കാണ് ഇനിയും യൂനിഫോം ലഭിക്കാനുള്ളത്. മങ്കട ഉപജില്ലയാണ് ഏറ്റവും കൂടുതൽ പൂർണമായി വിദ്യാലയങ്ങൾക്ക് യൂനിഫോം കിട്ടിയത്. 25 എണ്ണം. ഇവിടെ ഭാഗികമായി 34 വിദ്യാലയങ്ങൾക്കും യൂനിഫോം ലഭിച്ചിട്ടുണ്ട്. അരീക്കോട്, താനൂർ ഉപജില്ലകളിൽ ഒറ്റ വിദ്യാലയങ്ങളിൽ പോലും പൂർണമായി
കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർഥികളുടെ കടന്ന് വരുന്നുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2023-24 അധ്യയന വർഷം സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലേക്കായി 6,91,822 കുട്ടികളാണ് കടന്ന് വന്നത്. അൺ എയ്ഡഡ് മേഖലയിൽ 84,861 പേരാണ് പഠനം നടത്തിയത്. ഇതിൽ എയ്ഡഡ് വിദ്യാലയങ്ങളിലായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. 4,34,451 പേരാണ് എയ്ഡഡ് വിദ്യാലയങ്ങളെ ആശ്രയിച്ചത്. സർക്കാർ മേഖലയിൽ 2,57,371 പേരും പഠനം നടത്തി. സർക്കാർ തലത്തിൽ എൽ.പിയിൽ 1,016,02 യു.പിയിൽ 73,004, എച്ച്.എസിൽ 82,765, എയ്ഡഡിൽ എൽ.പിയിൽ 1,57,285, യു.പിയിൽ 1,44,414, എച്ച്.എസിൽ 1,32,725, അൺ എയ്ഡഡ് തലത്തിൽ എൽ.പിയിൽ 37,764, യു.പിയിൽ 25,136, എച്ച്.എസിൽ 21,961 പേരും കഴിഞ്ഞ തവണ അധ്യയനം പൂർത്തിയാക്കിയിരുന്നു.
മേയ് ആദ്യവാരം തന്നെ ജില്ലയിൽ സ്കൂൾ വിപണിയിൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ബാഗ്, കുട, ചെരിപ്പ്, ചോറ്റുപാത്രം, നോട്ടുപുസ്തകം, പേന, പെൻസിൽ തുടങ്ങി കുട്ടികൾക്ക് വേണ്ടതെല്ലാം വ്യാപാരികൾ സജ്ജമാക്കിയിരുന്നു. വിപണി പിടിക്കാനായി സ്പെഷൽ ഓഫറുകളുമുണ്ട്. സാധനങ്ങൾക്കെല്ലാം മുൻവർഷത്തേക്കാൾ വില അൽപം കൂടിയിട്ടുണ്ട്. പൊതുവിപണിയോടൊപ്പം ഓൺലൈനിലും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പല നിറത്തിലും മോഡലുകളിലുമുള്ള കുടകളും ബാഗുകളും കടകളിലുണ്ട്. സ്കൂൾ കുട്ടികൾക്ക് പ്ലെയിൻ, പ്രിന്റ് ബാഗുകളോടാണ് കൂടുതൽ ഇഷ്ടം.
കോളജ് വിദ്യാർഥികൾക്കാവട്ടെ സൈഡ് ബാഗുകളോടും. 350-800 രൂപ വരെയാണ് ഇവയുടെ വില. ആനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 800 രൂപ മുതൽ മുകളിലോട്ടാണ് വില. കാർട്ടൂൺ, സൂപ്പർ ഹീറോസ് കഥാപാത്രങ്ങളുടെ ബാഗുകളാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. പെൺകുട്ടികൾ കൂടുതലും തിരഞ്ഞെടുക്കുന്നത് യൂനികോൺ ബാഗുകളാണ്. ഇവക്ക് 795 രൂപയോളമാണ് വില. ബാഗ്, കിറ്റ്, പൗച്ച് എന്നിവ അടങ്ങുന്ന കോംബോകളും ബാഗ് കമ്പനികൾ നൽകുന്നുണ്ട്. ഫ്ലോറൽ പ്രിന്റുകളും മറ്റുമുള്ള ജൂട്ട് ബാഗുകളും വിപണി കൈയടക്കിയിട്ടുണ്ട്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് ഇവ ഇറക്കുമതി കൂടാതെ ചൈനീസ് ബാഗുകളും വിപണിയിൽ സുലഭമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.