മലപ്പുറം: അഴകേറും കേരളം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ലേല നടപടികൾ പൂർത്തിയാക്കിയ കലക്ടറേറ്റിലെ തൊണ്ടി വാഹനങ്ങളുടെ രണ്ടാംഘട്ട നീക്കൽ ആരംഭിച്ചു. സിവിൽ സ്റ്റേഷൻ കാന്റീൻ, സാമൂഹിക നീതി ഓഫിസ്, കൃഷി ഓഫിസ്, നിർമിതി കേന്ദ്രം, ആസൂത്രണ സമിതി തുടങ്ങിയ ഓഫിസുകൾക്ക് സമീപമുള്ള പഴയ വാഹനങ്ങളാണ് പൊളിച്ച് ലേലത്തിലെടുത്ത ഏജൻസി കൊണ്ടുപോകുന്നത്.
വിവിധ ഘട്ടങ്ങളിൽ കലക്ടറേറ്റിൽ പിടിച്ചിട്ട 200 ഓളം തൊണ്ടി വാഹനങ്ങളാണ് മാറ്റുന്നത്. 2023 മാർച്ചിലാണ് കലക്ടറേറ്റിലെ പിടിച്ചിട്ട വാഹനങ്ങൾ നീക്കാൻ നടപടികൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 2023 ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിലായി ജില്ല ട്രഷറി ഓഫീസ്, കുടുംബ കോടതി എന്നിവിടങ്ങളിലെ വാഹനങ്ങൾ നീക്കി. മാർച്ച് അവസാനത്തോടെ പൂർണമായി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വാഹനങ്ങൾ കൊണ്ട് പോകുന്നതിന് മുന്നോടിയായി ചുമതലയുള്ള പെരിന്തൽമണ്ണ ആർ.ഡി ഓഫിസിലെ ജൂനിയർ സൂപ്രണ്ട് പി. ഹംസയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ലേല നടപടികളിലൂടെ റവന്യു വകുപ്പിന് 65 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. ജില്ല കലക്ടറുടെ നിർദേശപ്രകാരം പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തിലാണ് നടപടികൾ നിരീക്ഷിക്കുന്നത്. അഴകേറും കേരളം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന് ക്ലീനിങ് കാമ്പയിന് മാര്‍ച്ച് ഏഴിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.