മലപ്പുറം: സമുദായങ്ങൾക്കിടയിൽ ഐക്യവും സൗഹാർദവും കാത്തുസൂക്ഷിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം മുണ്ടുപറമ്പിൽ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'മുസ്ലിം ലീഗ് @ 74 അതിജീവനത്തിന്‍റെ രാഷ്ട്രീയ മുന്നേറ്റം' കാമ്പയിനിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതുപോലെ സമുദായത്തിനുള്ളിൽ ഐക്യവും സൗഹാർദവും ഊട്ടിയുറപ്പിക്കണം. സമുദായത്തിനുള്ളിൽ ഏറ്റവും ഐക്യം പ്രകടിപ്പിക്കേണ്ട കാലമാണ്. ലീഗ് ഇതിന് പ്രതിജ്ഞാബദ്ധമാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒന്നിച്ചുനില്‍ക്കാന്‍ പറ്റുന്ന പൊതു പ്ലാറ്റ്‌ഫോമാണ് പാർട്ടി. വിശാലമായി എല്ലാവരെയും ഉൾകൊള്ളാൻ ലീഗിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം ഭരിക്കുന്ന ബി.ജെ.പി ഭരണകൂടം ന്യൂനപക്ഷ, ദലിത് പിന്നാക്ക വിഭാഗങ്ങളെ നിരന്തരം വേട്ടയാടുകയാണ്. ഇതിനെതിരെ ഒന്നിച്ചുനില്‍ക്കുകയെന്നതാണ് വലിയ പ്രതിരോധം. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരെ മതേതര കക്ഷികൾ ആത്മാർഥമായ സഹകരണം പ്രകടിപ്പിക്കേണ്ടതുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന പാഠമെന്നും സാദിഖലി തങ്ങൾ കൂട്ടിചേർത്തു. ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളെ തോല്‍പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞത് മതേതര വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ടുമാത്രമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.പിയില്‍ 160 സീറ്റുകളില്‍ ബി.ജെ.പി ജയം കുറഞ്ഞ വോട്ടുകള്‍ക്കാണ്. ബി.ജെ.പിക്കെതിരെ മതേതരകക്ഷികൾ ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, പി. ഉബൈദുല്ല എം.എല്‍.എ, എം. ഉമ്മര്‍, എന്‍. സൂപ്പി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.എ. ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, ഇസ്മായില്‍ മൂത്തേടം, പി.കെ.സി. അബ്ദുറഹമാന്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവർ സംസാരിച്ചു. 'അതിജീവനത്തിന്‍റെ രാഷ്ട്രീയ മുന്നേറ്റം' വിഷയത്തില്‍ ടി.പി.എം. ബഷീറും 'സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ വര്‍ത്തമാന വെല്ലുവിളികള്‍' വിഷയത്തില്‍ ഉസ്മാന്‍ താമരത്തും സംസാരിച്ചു. 74ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം 74 വയസ്സായവരെയും ആദരിച്ചു. ജില്ല സെക്രട്ടറി ഉമ്മര്‍ അറക്കല്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.