മലപ്പുറം: ജില്ലയില്‍ ഷിഗല്ല മരണം സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക. അറിയിച്ചു. പുത്തനത്താണിയില്‍ കഴിഞ്ഞദിവസം മരിച്ച കുട്ടിക്ക് ഷിഗല്ല മരണം സംശയിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം.
ഐസ്, ഐസ്ക്രീം, സിപ്-അപ് മുതലായവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകള്‍ നടത്തുന്നതിനായും നിയമലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയതായി ഡി.എം.ഒ പറഞ്ഞു. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പിന് നിർദേശം നല്‍കിയതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ല സര്‍വയലന്‍സ് ഓഫിസര്‍ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍, ടെക്നിക്കല്‍ അസ്സിസ്റ്റന്റ് പി. പ്രകാശ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജനം ജാഗ്രത പുലര്‍ത്തണം
വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് ഈ രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുക. ഒരാഴ്ചയോളം സമയമെടുത്താണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്.
അതിനാല്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍തന്നെ ചികിത്സ തേടണം. വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളില്‍ ലക്ഷണങ്ങള്‍ കാണില്ല. എന്നാല്‍, അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്ത് വരുന്നതിനാല്‍ രോഗം മറ്റുള്ളവര്‍ക്ക് പകരാനിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.