മലപ്പുറം: രാജ്യം ആര് ഭരിക്കണമെന്ന് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ തീരുമാനിക്കുന്ന സാഹചര്യം വന്നിരിക്കയാണെന്നും അതിൽ കേരളത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിക്കുവേണ്ടി ഏകനും കരുത്തനുമായി രാഹുൽ ഗാന്ധിയുടെ നടത്തം വലിയ പോരാട്ടമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ എൽ.ഡി.എഫിനെ വിജയിപ്പിച്ചതുകൊണ്ട് കാര്യമില്ല. ദേശീയതലത്തിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവണം. ബി.ജെ.പിയെ ശക്തമായി ചെറുക്കുന്നതിന്റെ വലിയ സന്ദേശമാണ് കെ. മുരളീധരന്റെ സ്ഥാനാർഥിത്വം. ബി.ജെ.പി പോലും അങ്ങനെ ഒരടി പ്രതീക്ഷിച്ചില്ല -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയമാലിന്യം നിക്ഷേപിക്കുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. ബി.ജെ.പിക്ക് 370 സീറ്റ് കിട്ടുമെന്ന് വെറുതെ പ്രചരിപ്പിക്കുകയാണ്. കോൺഗ്രസ് തകർന്നുപോയി എന്ന് ബി.ജെ.പിയെക്കാൾ ആവേശത്തിൽ പ്രചരിപ്പിക്കുന്നത് സി.പി.എം നേതാക്കളാണ്. നരേന്ദ്ര മോദിയുടെ വർഗീയത നിലനിന്നാലേ ഗുണം കിട്ടൂ എന്നാണ് പിണറായി കരുതുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
കെ.പി.സി.സി സെക്രട്ടറി പി.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, വി.ടി. ബൽറാം, എ.പി. അനിൽ കുമാർ എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ മഞ്ഞളാംകുഴി അലി എം.എൽ.എ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.