നിയമന ഉത്തരവ് കിട്ടിയ ഉദ്യോഗാർഥിക്ക് പ്രത്യേക പരിഗണന നൽകണം -മനുഷ്യാവകാശ കമീഷൻ

മലപ്പുറം: പി.എസ്.സിയിൽനിന്ന് വൊക്കേഷനൽ ഇൻസ്ട്രക്ടറായി 2014 ജൂൺ 17ന് നിയമന ഉത്തരവ് ലഭിക്കുകയും കോടതിവിധിയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് റദ്ദാക്കുകയും ചെയ്ത ഉദ്യോഗാർഥിയുടെ നിയമനം പ്രത്യേക കേസായി പരിഗണിച്ച് മൂന്ന് മാസത്തിനകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.

റദ്ദാക്കപ്പെട്ട റാങ്ക് ലിസ്റ്റിലുള്ള ആറുപേർക്ക് നിയമനം നൽകുകയും പരാതിക്കാരിക്ക് മാത്രം നിയമനം നിഷേധിക്കുകയും ചെയ്തത് സാമാന്യനീതിയുടെ ലംഘനമാണെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

വണ്ടൂർ നടുവത്ത് സ്വദേശിനി കെ. ഭവാനിയുടെ നിയമനകാര്യം പരിഗണിക്കാനാണ് ഉത്തരവ്. വി.എച്ച്.എസ്.ഇ ക്ലോത്തിങ് ആൻഡ് എംബ്രോയിഡറി കോഴ്സിൽ ഇൻസ്ട്രക്ടർമാരുടെ 16 തസ്തികയാണ് ഉണ്ടായിരുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

വൊക്കേഷനൽ കോഴ്സ് സർട്ടിഫിക്കറ്റ് മാത്രമായിരുന്നു തസ്തികയിലേക്കുള്ള അടിസ്ഥാനയോഗ്യത. എം.എസ്സി ഹോം സയൻസ് ഉള്ളവരെയും തസ്തികയിലേക്ക് പരിഗണിക്കാൻ പി.എസ്.സി തീരുമാനിച്ചു. എന്നാൽ, ഇത് വിജ്ഞാപനമായി പുറത്തിറങ്ങിയില്ല. ഇതിനെതിരെ ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിക്കുകയും പി.എസ്.സി തീരുമാനം ഹൈകോടതി റദ്ദാക്കുകയും ചെയ്തു. ഇതിനുശേഷം അഡ്വൈസ് ചെയ്യപ്പെട്ട 13ൽ ഒമ്പതുപേരുടെ നിയമനം അടിസ്ഥാന യോഗ്യതയില്ലാത്തതിനാൽ റദ്ദാക്കി. തുടർന്ന് ആറ് ഒഴിവിലേക്ക് 10 പേർക്ക് നിയമന ശിപാർശ നൽകി. ഇതിൽ പരാതിക്കാരി ഉൾപ്പെട്ടെങ്കിലും കോടതി ഉത്തരവ് പ്രകാരം റാങ്ക് ലിസ്റ്റിൽനിന്നുള്ള മറ്റൊരാൾക്ക് നിയമനം നൽകേണ്ടിവന്നതിനാൽ പരാതിക്കാരി ഒഴിവാക്കപ്പെട്ടു. ഇതേ ലിസ്റ്റിൽനിന്നുള്ള ആറുപേർക്ക് സർക്കാറിന്റെ പ്രത്യേക തീരുമാനപ്രകാരം നിയമനം ലഭിച്ചപ്പോഴും പരാതിക്കാരി പുറത്തുനിന്നു. പരാതിക്കാരിക്ക് പ്രത്യേക പരിഗണന നൽകണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Special consideration should be given to the candidate who has obtained the appointment order - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.