തേഞ്ഞിപ്പലം: കോരിച്ചൊരിഞ്ഞ മഴയെ ഭേദിച്ച് ‘ആകാശംമുട്ടേ’അവൾ ഉയർന്നുപൊങ്ങിയപ്പോൾ ഒരു നാടാകെ സന്തോഷത്തിന്റെ സന്തോഷക്കണ്ണീരണിഞ്ഞു. കോതമംഗലം മാർബേസിലിലെ ജീന ബേസിലാണ് നാട്ടുകാരുടെ സഹകരണത്തോടെ പള്ളിവകയായി ലഭിച്ച പോളുമായെത്തി സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ അഭിമാനനേട്ടം ചാടിപ്പിടിച്ചത്.
18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ പോൾവാൾട്ടിൽ 3.30 മീറ്റർ ഉയരം താണ്ടിയാണ് ഒന്നാമതെത്തിയ ജീന സ്വർണനേട്ടം നാടിന് സമർപ്പിച്ചത്. 20 സെന്റീമീറ്റർ ദൂരത്തിന് മീറ്റ് റെക്കോഡ് നഷ്ടമായെങ്കിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഈ കോതമംഗലംകാരി എറണാകുളത്തിനായി മെഡൽ നേടിയത്. സാമ്പത്തിക പ്രയാസം കാരണം സ്വന്തമായി പോൾ വാങ്ങാൻ ജീനക്കും കുടുംബത്തിനും സാധിച്ചിരുന്നില്ല. എന്നാൽ, സംസ്ഥാന മീറ്റിൽ പങ്കെടുക്കുന്നതിന് മിടുക്കിയെ എന്ത് വിലകൊടുത്തും പറഞ്ഞയക്കണമെന്ന് നാട്ടുകാരും തീരുമാനിച്ചു. ഇതോടെ തലക്കോട് സെന്റ് മേരീസ് ചർച്ചിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ പോളിനായി പിരിവെടുത്തു. ഒരു ലക്ഷത്തിലധികം രൂപയായിരുന്നു വില. പള്ളിയുടെയും നാട്ടുകാരുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കാതെ സ്വർണം കൊയ്താണ് അവൾ മടങ്ങുന്നത്. ബേസിൽ വർഗീസ്- മഞ്ജു ബേസിൽ ദമ്പതികളുടെ മകളാണ് 17കാരിയായ ജീന. മുൻ പോൾവാൾട്ട് താരം സി.ആർ. മധുവാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.