മലപ്പുറം: സയൻസ്, ടെക്നോളജി വിഷയങ്ങളിൽ വിദ്യാർഥികൾക്കായി ‘മാധ്യമം’ ദിനപത്രത്തിന്റെ നേതൃത്വത്തിൽ മെഗാ ക്വിസ് മത്സരത്തിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജൂനിയർ, സീനിയർ തലങ്ങളിലാണ് മത്സരം. വിവിധ സ്കൂളുകളിൽനിന്നുള്ള നിരവധി പ്രതിഭകൾ മത്സരത്തിൽ മാറ്റുരക്കും. നവംബർ 26ന് ഉച്ചക്ക് 1.30ന് കോട്ടക്കൽ വെന്നിയൂരിലെ പരപ്പൻ സ്ക്വയർ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് മത്സരം നടക്കുക. എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാകും. ആകർഷക സമ്മാനങ്ങളും കാഷ് അവാർഡുകളുമാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. രണ്ടുപേരടങ്ങുന്ന സംഘമായി മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 ടീമുകൾക്കായിരിക്കും അവസരം.
ഇരുവിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്ന ടീമുകൾക്ക് 10,000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമുകൾക്ക് 6000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 4000 രൂപയും കാഷ് അവാർഡ് ലഭിക്കും. കൂടാതെ മറ്റു നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.
ക്വിസ് മത്സരത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായുള്ള വ്യത്യസ്ത അഭിരുചി -മത്സര പരീക്ഷകളുടെ അവബോധ ക്ലാസുകളും നടക്കും. ഉപരിപഠന അവസരങ്ങളും കരിയർ സാധ്യതകളും ചർച്ചചെയ്യുന്ന സെഷനുകളും അരങ്ങേറും. കരിയർ മോട്ടിവേഷനൽ രംഗത്തെ പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും. രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന എൻജിനീയറിങ്, മെഡിക്കൽ സ്ഥാപനങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കിയ സി. മുഹമ്മദ് അജ്മൽ (ഐ.ഐ.ടി മദ്രാസ്) ആണ് ക്വിസ് മാസ്റ്റർ. അസീം പനോളി (എൻ.ഐ.ടി കാലിക്കറ്റ്), ഡോ. സി.പി. അബ്ദുല്ല ബാസിൽ (ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ) എന്നിവർ വിവിധ സെഷനുകൾ നയിക്കും. ‘സ്റ്റെം ജീനിയസ്’ മെഗാ ക്വിസിൽ പങ്കെടുക്കാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 7561881133.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.