പൊന്നാനി: നഗരസഭ പരിധിയിൽ വ്യാപാര സ്ഥാപനങ്ങളുടെ റോഡ് കൈയേറ്റം കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കമായി. നഗരസഭ മോണിറ്ററിങ് സമിതി യോഗ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
റോഡിലേക്ക് ഇറക്കിക്കെട്ടിയതും, കാൽനടയാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ച് കച്ചവടം നടത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന നടന്നത്. പൊന്നാനി ചന്തപ്പടി മുതൽ കുണ്ടുകടവ് ജങ്ഷൻ വരെയുള്ള ഭാഗങ്ങളിലെ റോഡരികിലെ കടകളിലായിരുന്നു പരിശോധന.
നടപ്പാതയിൽ സാധനങ്ങൾ ഇറക്കിവെച്ച് വിൽപന നടത്തുന്നതിനെതിരെ കർശന മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ വാരാചരണ ഭാഗമായി കാൽനടയാത്ര സുഗമമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു പരിശോധന. ആദ്യഘട്ടമെന്ന നിലയിൽ താക്കീത് നൽകി.
കുണ്ടുകടവ് ജങ്ഷനിലെ അനധികൃത വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചു. പരിശോധനക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജസ്റ്റിൻ വി. മാളിയേക്കൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. മുഹമ്മദ് ഹുസൈൻ, പി.ഡബ്ല്യു.ഡി ഓവർസിയർ ഇ. ദിനീഷ്, മുനിസിപ്പൽ ഓവർസിയർ കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.