മലപ്പുറം: വാഹനങ്ങൾ രൂപമാറ്റം വരുത്തിയും സൈലൻസറിന് ഘടനമാറ്റം വരുത്തി ശബ്ദംകൂട്ടിയും കറങ്ങുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്. ദേശീയ റോഡ് സുരക്ഷവാരത്തിന്റെ ഭാഗമായി ഗതാഗത കമീഷണറുടെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹനങ്ങളുടെ നിയമലംഘനങ്ങളും സുരക്ഷവീഴ്ചകളും കണ്ടെത്താനാണ് കർശന പരിശോധന നടത്തിയത്. എയർഹോൺ ഉപയോഗിക്കുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെയും നടപടി കർശനമാക്കിയിട്ടുണ്ട്.
വാഹനങ്ങളുടെ സൈലൻസർ മിനി പഞ്ചാബി, ലോങ് പഞ്ചാബി, പുട്ടുംകുറ്റി, ഡോൾഫിൻ, പഞ്ചാബി, റെഡ് ട്രോസ്റ്റ്, ജി.ഐ പൈപ്പ് പേരുകളിൽ പ്രചരിക്കുന്ന മാതൃകയിലേക്ക് മാറ്റിയാണ് അമിതശബ്ദം പുറപ്പെടുവിക്കുന്നത്. ഇത്തരത്തിൽ സൈലൻസർ രൂപമാറ്റം വരുത്തിയ 43 ഇരുചക്ര വാഹനം ഉൾപ്പെടെ 96 വാഹനങ്ങൾക്കെതിരെ കേസെടുത്തു. 3,19,750 രൂപയാണ് പിഴ ഈടാക്കിയത്.
എൻഫോഴ്സ്മെന്റ് എം.വി.ഐമാരായ പി.കെ. മുഹമ്മദ് ഷഫീഖ്, ബിനോയ് കുമാർ, എ.എം.വി.ഐമാരായ പി. ബോണി, കെ.ആർ. ഹരിലാൽ, എബിൻ ചാക്കോ, സലീഷ് മേലെപാട്ട്, ഷൂജ മാട്ടട എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ദേശീയ, സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. പിടികൂടിയ വാഹന ഉടമകൾക്ക് പിഴക്ക് പുറമെ വാഹനം പൂർവസ്ഥിതിയിലാക്കി രജിസ്ട്രേഷൻ അതോറിറ്റി മുമ്പാകെ ഹാജരാക്കാൻ നിർദേശിച്ചിട്ടുമുണ്ട്. വീഴ്ച വരുത്തുന്ന പക്ഷം വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.