മലപ്പുറം: ചെറാട്ടുകുഴി - വാറങ്കോട് എം.ബി.എച്ച് ലിങ്ക് റോഡ് കൈയേറ്റത്തെ കുറിച്ച പരാതി പരിഹരിക്കാൻ ഉപസമിതിയെ വെക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
ഉപസമിതി പഠിച്ച് നൽകുന്ന റിപ്പോർട്ടിൽ നഗരസഭ തുടർനടപടി സ്വീകരിക്കും. കൗൺസിലർ അബ്ദുൽ സമദ് ഉലുവാൻ ചെയർമാനും കൗൺസിലർ കെ.ടി. രമണി കൺവീനറുമടങ്ങുന്ന ഉപസമിതിയെയാണ് കൗൺസിൽ യോഗം ചുമതലപ്പെടുത്തിയത്. പ്രതിപക്ഷനേതാവ് ഒ. സഹദേവൻ, കൗൺസിലർമാരായ സി.എച്ച്. നൗഷാദ്, സുഹൈൽ ഇടവഴിക്കൽ, മുനിസിപ്പൽ എൻജിനീയർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സമിതി നൽകുന്ന റിപ്പോർട്ടിന് മേൽ തുടർനടപടികൾ ഉണ്ടാകുമെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉറപ്പ് നൽകി. വാർഡംഗം കെ.ടി. രമണിയാണ് വിഷയം ഉന്നയിച്ചത്. 2006-2007 കാലഘട്ടത്തിൽ റോഡാക്കി മാറ്റിയ ഭാഗം പിന്നീട് സ്വകാര്യവ്യക്തികൾ പൊളിച്ചുമാറ്റി കൈയേറി സ്വന്തം സ്ഥലത്തോടു ചേർത്തെന്നാണ് ആരോപണം. ഇതു തിരിച്ചുപിടിച്ചാൽ എം.ബി.എച്ച് - ചെറാട്ടുകുഴി ലിങ്ക് റോഡ് തുറക്കുകയും നിരവധി വാർഡുകൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിവിധ ഇടങ്ങളിലേക്ക് പുതിയ റോഡ് നിർമിക്കാനും സാധിക്കും.
നഗരസഞ്ചയത്തിൽ തർക്കം
മലപ്പുറം: നഗരസഭയിൽ നഗരസഞ്ചയം പദ്ധതി വഴി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയിൽ ഭരണ-പ്രതിപക്ഷ വാക്കുതർക്കം. അഞ്ചീനിക്കുളം, പാണക്കാട് ചിറക്കൽ തോട് എന്നിവിടങ്ങളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത അജണ്ടയാണ് തർക്കങ്ങളിലേക്ക് നയിച്ചത്.
അടിയന്തര കൗൺസിൽ യോഗം വിളിച്ച് ചർച്ച ചെയ്യേണ്ട വിഷയങ്ങൾക്ക് പകരം വിശദമായ ചർച്ചകൾ നടത്തി എടുക്കേണ്ട വിഷയങ്ങളാണ് യോഗത്തിൽ വരുന്നതെന്നും ഇത് ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം വന്നതോടെയാണ് വാക്കുതർക്കത്തിലേക്കെത്തിയത്. എന്നാൽ വിഷയം അടിയന്തര പ്രാധാന്യമുള്ളതാണെന്നും പദ്ധതി നടത്തിപ്പ് നീണ്ടു പോയാൽ ഫണ്ടടക്കം നഷ്ടപ്പെടുമെന്നും ഭരണപക്ഷം വ്യക്തമാക്കിയതോടെ വിഷയത്തിൽ തർക്കം നീണ്ടു. ഓരോ വാദങ്ങളുമായി ഇരുപക്ഷവും മുന്നോട്ട് പോയതോടെ അജണ്ടയിൽ തീരുമാനമെടുക്കാനായില്ല. തുടർന്ന് നഗരസഭാധ്യക്ഷന്റെ നിർദേശപ്രകാരം അജണ്ട അടുത്ത കൗൺസിലിലേക്ക് മാറ്റിവെച്ചാണ് തർക്കം പരിഹരിച്ചത്.
കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് പരാതി
മലപ്പുറം: നഗരസഭയിൽ നടക്കുന്ന യോഗങ്ങളും പദ്ധതികളുമടക്കം മുൻകൂട്ടി അറിയിക്കുന്നില്ലെന്ന് പ്രതിപക്ഷം. കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചത്. നഗരസഭയിൽ നടക്കുന്ന മിക്ക യോഗങ്ങളും അവസാന നിമിഷമാണ് പ്രതിപക്ഷത്തെ അറിയിക്കുന്നത്. ഇക്കാര്യത്തിൽ പലപ്പോഴും വീഴ്ച വരുന്നുണ്ട്. കൗൺസിൽ യോഗങ്ങളടക്കം ഇത്തരത്തിൽ വരുന്നു. ഇക്കാരണത്താൽ പല നിർണായക പദ്ധതിയിലും കാര്യമായ ഇടപെടലുകൾ നടത്താനോ, അഭിപ്രായമറിയിക്കാനോ സാധിക്കാതെ വരുന്നുണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.