അരീക്കോട്: അടിസ്ഥാന സൗകര്യ വികസനമില്ലായ്മ തന്നെയാണ് അരീക്കോട് ഗവ. താലൂക്ക് ആശുപത്രിയുടെയും പ്രധാനപ്രശ്നം. 2013ലാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയാക്കി മാറ്റിയത്. എന്നാൽ, ബോർഡിൽ പേര് മാറിയത് ഒഴിച്ചാൽ കാര്യമായ വികസനമൊന്നും നടന്നില്ല. വിഷയത്തിൽ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അരീക്കോടിന്റെ ഹൃദയഭാഗത്ത് 89 സെൻറ് ഭൂമിയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഈ ഭൂമിയിൽ നിരവധി കെട്ടിടങ്ങൾ ഇതിനകം ഉയർന്നുകഴിഞ്ഞു. ഇനി ആശുപത്രി വികസനത്തിന് പുതിയ സ്ഥലം ഏറ്റെടുക്കണം. ഇതിനായി നടപടികൾ നേരത്തെതന്നെ ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. അരീക്കോട് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ട് ചോലയിൽ മൂന്നര ഏക്കർ സ്ഥലമാണ് ആശുപത്രി വികസനത്തിനായി കണ്ടെത്തിയത്. ഇതിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക രീതിയിൽ പുതിയൊരു താലൂക്ക് ആശുപത്രി നിർമിക്കാനാണ് സ്ഥലം എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമം നടത്തുന്നത്. 18 പേരാണ് ജീവനക്കാരായി കേന്ദ്രത്തിലുള്ളത്. എന്നാൽ, താലൂക്ക് ആശുപത്രിക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേൺ ഇവിടെയില്ല.
10 വർഷംമുമ്പ് താലൂക്ക് ആശുപത്രിയായി ഉയർത്തുമ്പോൾ ഏറനാട് മണ്ഡലത്തിലെ ആരോഗ്യ മേഖലക്ക് ഇത് കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് കരുതിയത്. എന്നാൽ, അത്ര സുഖകരമായിരുന്നില്ല കാര്യങ്ങൾ. പ്രതിദിനം ആയിരത്തിലധികം രോഗികൾ എത്തുന്ന ഇവിടെ ഒ.പിയിൽ നിലവിൽ വെറും എട്ട് ഡോക്ടർമാരാണുള്ളത്.
രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ ഏഴ് ഡോക്ടർമാരുടെ സേവനവും ഉച്ചക്കുശേഷം ആറുമണിവരെ ഒരു ഡോക്ടറുടെ സേവനവുമാണ്. ഞായറാഴ്ച ഉച്ചക്കുശേഷം ഒ.പി അടച്ചിടാറാണ് പതിവ്.
പഴയ കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 25 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിനുപുറമെ കുട്ടികൾക്കായി പ്രത്യേക വാർഡും ലാബ് സൗകര്യവുമുണ്ട്. എന്നാൽ, ഇതൊന്നും പലപ്പോഴും കാര്യമായ രീതിയിൽ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താനാവുന്നില്ല. പലപ്പോഴും ഡോക്ടർമാർ കിടത്തി ചികിത്സക്ക് തയാറാകുന്നില്ലെന്നും ആരോപണവുമുണ്ട്. ആറുമണിക്കുശേഷം ഒ.പി അടഞ്ഞുകിടക്കുന്നതിനാൽ ഡോക്ടർമാർക്ക് വാർഡുകളിലെത്തി പരിശോധന നടത്താൻ കഴിയില്ല. ഈ സമയം ഡ്യൂട്ടി നഴ്സുമാർക്കാണ് ഒരർഥത്തിൽ ചുമതല. ഇതുമൂലം ഇത്തരം കിടത്തി ചികിത്സ ലഭിക്കേണ്ട രോഗികൾ സമീപത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
നാടിന്റെ ഏറെ നാളത്തെ സ്വപ്നമാണ് 24 മണിക്കൂർ അത്യാഹിത വിഭാഗം എന്നത്. ഇത് നിറവേറ്റാൻ ഏറനാട് മണ്ഡലത്തിലെ ജനപ്രതിനിധികൾക്കോ സംസ്ഥാന ആരോഗ്യവകുപ്പിനോ ഇതുവരെ സാധിച്ചിട്ടില്ല. അത്യാവശ്യഘട്ടത്തിൽ കിലോമീറ്ററുകൾ താണ്ടി മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ചികിത്സ കിട്ടാൻ വൈകുന്നത് കാരണം ജീവൻ നഷ്ടമായ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഓടക്കയം മേഖലയിൽ താമസിക്കുന്ന ആദിവാസികൾ ഉൾപ്പെടെ ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യമില്ലായ്മ ഇവരെയും കഷ്ടത്തിലാക്കുന്നുണ്ട്.
താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയശേഷം കാര്യമായ വികസനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും എല്ലാവർഷവും അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. 2018-19 വർഷത്തെ സംസ്ഥാന ബജറ്റിൽ 25 കോടി രൂപ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരുന്നു. എന്നാൽ, തുടർന്നു ചേർന്ന യോഗത്തിൽ ഇത്രയും കൂടുതൽ തുക ഉപയോഗിച്ച് ഇവിടെ വികസനം നടത്താനില്ലെന്ന് കാണിച്ച് ഈ ഫണ്ട് തിരിച്ചുനൽകുകയായിരുന്നു.
ഫണ്ട് നഷ്ടപ്പെടുത്തിയതിനെതിരെ ആശുപത്രിയുമായി ബന്ധപ്പെട്ട എച്ച്.എം.സി ഉൾപ്പടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈതുകയിൽനിന്ന് നാലുകോടി രൂപ ചെലവഴിച്ച് ഇപ്പോൾ അറ്റകുറ്റപ്പണികൾ നടത്തുന്നത്. എന്നാൽ, ഇതിനെതിരെയും ഇപ്പോൾ പ്രതിഷേധം ശക്തമാണ്. കാരണം ഒരുകോടി രൂപക്ക് താഴെയുള്ള കെട്ടിടത്തിൽ എന്തിനാണ് നാലുകോടി രൂപയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
സംഭവത്തിൽ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.
ആശുപത്രിയിലെ 108 ആംബുലൻസ് സേവനം 24 മണിക്കൂർതന്നെ നിർത്തണമെന്ന ആവശ്യവും ശക്തമാണ്. മാസങ്ങൾക്കുമുമ്പാണ് ആംബുലൻസ് സർവിസ് രാത്രികാലങ്ങളിൽ എടവണ്ണ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയത്. ഇതോടെ അരീക്കോട് താലൂക്ക് ആശുപത്രിയിലെ സേവനം രാവിലെ ഏഴുമുതൽ വൈകീട്ട് എട്ടുമണി വരെയാക്കി ചുരുക്കി.
തുടക്കത്തിൽ അരീക്കോട് മേഖലയിൽ 108 ആംബുലൻസ് 24 മണിക്കൂർ സേവനം ഉണ്ടായിരുന്നു. ആംബുലൻസ് സേവനം എടവണ്ണയിലേക്ക് മാറ്റിയത് ഇവിടുത്തുകാർക്ക് കനത്ത തിരിച്ചടിയായി.
അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് മഞ്ചേരി, എടവണ്ണ, വണ്ടൂർ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്ന് വേണം ആംബുലൻസുകൾ എത്താൻ.
മഴ കനത്തതോടെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പകർച്ചവ്യാധിയുമായി എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. എന്നാൽ, ആവശ്യമായ സ്റ്റാഫ് പാറ്റേൺ ആശുപത്രിയിലില്ല.
ഒരാഴ്ചക്കിടെ ഏകദേശം ആറായിരത്തിൽ കൂടുതൽ രോഗികളാണ് ചികിത്സ തേടിയത്. എന്നാൽ, ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാനോ കൂടുതൽ ചികിത്സ സൗകര്യം ഒരുക്കാനോ അധികൃതർ തയാറായിട്ടില്ല. നിലവിലുള്ള അടിസ്ഥാന സൗകര്യം ഉപയോഗിച്ച് പരമാവധി ചികിത്സ നൽകാൻ ശ്രമിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.