മലപ്പുറം: വിശക്കുന്നവർക്ക് സൗജന്യമായി പൊതിച്ചോർ നൽകാൻ മലപ്പുറം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണപ്പെട്ടികൾ സ്ഥാപിച്ചു. ഡി.സി.ഇ ഓഫിസ് പരിസരം, താലൂക്ക് ആശുപത്രിക്ക് സമീപം, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് മുൻവശം, കുന്നുമ്മൽ ഓട്ടോ സ്റ്റാൻഡ്, കുന്നുമ്മൽ ബസ്സ്റ്റോപ്പ്, സിവിൽ സ്റ്റേഷൻ, കോട്ടപ്പടി ഓട്ടോ സ്റ്റാൻഡ്, നഗരസഭ ബസ്സ്റ്റാൻഡ് പരിസരം എന്നിങ്ങനെ 10 കേന്ദ്രങ്ങളിലാണ് പെട്ടികൾ സ്ഥാപിച്ചത്. ആവശ്യക്കാർക്ക് ഇവിടെ നിന്ന് പൊതിച്ചോർ എടുക്കാം. ഓരോ പെട്ടിയിലും 30 പൊതിച്ചോറുകളാണുണ്ടാവുക. 'കരുതൽ' എന്ന പേരിലാണ് വിദ്യാർഥിനികളും കുടുംബിനികളുമടങ്ങിയ സന്നദ്ധ പ്രവർത്തകർ പദ്ധതി നടപ്പാക്കുന്നത്.
ടുഗദർ വി കാൻ, ഐ.എൻ.എ എന്നീ കൂട്ടായ്മകൾ ചേർന്ന് നടപ്പാക്കുന്ന വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായാണിത്. കേരളത്തിലുടനീളം 1000 കേന്ദ്രങ്ങളിലാണ് ഈ രീതിയിൽ പെട്ടികൾ സ്ഥാപിക്കുന്നത്. ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിൽ നഷട്പ്പെട്ടവരും വരുമാനം കുറഞ്ഞവരും തെരുവിൽ കഴിയുന്നവരുമുണ്ടെന്നും അവർക്ക് ഒരു നേരത്തെ ആഹാരം സൗജന്യമായി നൽകുക എന്നതാണ് പദ്ധതി ലക്ഷ്യം. ഭക്ഷണപ്പൊതികൾ കൊണ്ടുവെക്കാനായി കരാറടിസ്ഥാനത്തിൽ സ്ത്രീകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ കൈകൊണ്ടുള്ള സ്പർശനം ഒഴിവാക്കാനായി െപട്ടിക്ക് താഴെ സ്ഥാപിച്ചിരിക്കുന്ന പിടലിൽ ചവിട്ടിയാൽ തുറക്കുംവിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഭക്ഷണം സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്ക് 7306232588 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.