തിരൂർ: ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ സർക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം ലീഡേഴ്സ് പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പ്രതീക്ഷയോടെയാണ് 2024 തെരഞ്ഞെടുപ്പിനെ ഇന്ത്യൻ ജനത ഉറ്റുനോക്കുന്നത്. അത്രത്തോളം ഭീഷണിയാണ് ഭരണഘടനയും ജുഡീഷ്യറിയും ഉൾപ്പെടെ നേരിടുന്നത്. ഇ.ഡിയാണോ, തെരഞ്ഞെടുപ്പ് കമീഷനാണോ രാജ്യം ഭരിക്കുന്നതെന്ന് ചിലപ്പോൾ തോന്നും. ചുട്ടെടുക്കും പോലെയാണ് പാർലമെന്റിൽ നിയമങ്ങൾ പാസാക്കുന്നത്.
പാർലമെന്റിന് വിലയില്ലാത്ത സാഹചര്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽ.എ, ജില്ല ഭാരവാഹികളായ അഷ്റഫ് കോക്കൂർ, പി. സൈതലവി എന്നിവർ സംസാരിച്ചു. ഇബ്രാഹിം മുതൂർ ഖിറാഅത്ത് നിർവഹിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊന്നാനി മണ്ഡലത്തിലെ കർമപദ്ധതികൾ ഉമർ അറക്കൽ വിശദീകരിച്ചു. അഡ്വ. ഫൈസൽ ബാബു, സി.പി. ബാവ ഹാജി, അബ്ദുറഹ്മാൻ രണ്ടത്താണി, എം.എൽ.എമാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ, കുറുക്കോളി മൊയ്തീൻ, വനിത ലീഗ് ഭാരവാഹികളായ സുഹറ മമ്പാട്, ഷാഹിന നിയാസി, ജില്ല ഭാരവാഹികളായ എം.കെ. ബാവ, പി.എസ്.എച്ച് തങ്ങൾ, കെ.എം. അബ്ദുൽ ഗഫൂർ, അഡ്വ. പി.പി. ഹാരിഫ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.