മലപ്പുറം: സ്കൂൾ തുറക്കുമ്പോൾ പൊലീസ് സേനയും ഒരുക്കം നടത്താൻ ജില്ല പൊലീസ് മേധാവികൾക്ക് അഡീഷനൽ പൊലീസ് ഡയറക്ടർ ജനറലിന്റെ നിർദേശം. സ്കൂൾ പ്രവേശന മുന്നൊരുക്ക ഭാഗമായി പൊലീസ് സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കുന്ന ഉത്തരവിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ. 34 നിർദേശങ്ങളാണ് ഉത്തരവിലുള്ളത്. സ്കൂൾ തുറക്കുന്നതിനുമുമ്പ് എസ്.എച്ച്.ഒമാർ വിദ്യാലയ വളപ്പിൽ പരിശോധന നടത്തണം.
ഉപയോഗശൂന്യമായ ബാത്ത്റൂമുകളോ സാമൂഹികദ്രോഹികൾക്ക് മറഞ്ഞിരിക്കാൻ പറ്റിയ സ്ഥലങ്ങളോ വളപ്പിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം. പരിസരങ്ങളിലും ഇതേ പരിശോധന നടത്തണം. ഇത്തരം സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ആദ്യം അധികൃതരെ അറിയിക്കണം.
നടപടി സ്വീകരിച്ചോയെന്ന് പൊലീസ് വീണ്ടും പരിശോധിക്കണം. പ്രധാനാധ്യാപകരുമായി എസ്.എച്ച്.ഒ നേരിൽ ബന്ധമുണ്ടാക്കണം. പുകയില, ലഹരി ഉപയോഗമുള്ള വിദ്യാർഥികളെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം. മാതാപിതാക്കളുമായും ബന്ധപ്പെട്ട് കൗൺസലിങ് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണം.
സ്കൂൾ പരിസരത്തെ എല്ലാ കടകളിലും ‘ഇവിടെ ലഹരിപദാർഥങ്ങൾ വിൽക്കുന്നതല്ല’ എന്നെഴുതിയ ലാമിനേറ്റഡ് ബോർഡ് പുറത്തുനിന്ന് കാണത്തക്കവിധം ജൂൺ മൂന്നിനകം പ്രദർശിപ്പിക്കണം. ബോർഡിന്റെ മാതൃക പൊലീസ് നൽകും. പരിസരങ്ങളിലെവിടെയെങ്കിലും ലഹരി വിൽപനയുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. മഫ്തിയിൽ പൊലീസ് പരിസരങ്ങളിൽ ഉണ്ടാവണം.
സ്കൂൾ പരിസരത്ത് പതിവായി ചുറ്റിക്കറങ്ങുന്ന യുവാക്കളെ നിരീക്ഷിച്ച് വ്യക്തിവിവരങ്ങൾ ശേഖരിക്കണം. അവർ ഏതൊക്കെ വിദ്യാർഥികളുമായി ബന്ധപ്പെടുന്നെന്ന് നിരീക്ഷിക്കണം. കോളജ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ചുറ്റിലും സാമൂഹികസുരക്ഷ കൂടാരം രൂപപ്പെടുത്തുകയും അത് നിലനിൽക്കുന്നെന്ന് ജില്ല പൊലീസ് മേധാവികൾ ഉറപ്പുവരുത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.