മലപ്പുറം: ജില്ലയിൽ നാലാംദിനവും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ടെസ്റ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നത് ജില്ലയിൽ 80,000 പേർ. ഗതാഗത വകുപ്പിന്റെ സർകുലറിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംയുക്ത സമരസമിതി ബഹിഷ്കരണം തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പൊലീസ് സംരക്ഷണത്തിൽ ടെസ്റ്റ് നടത്താൻ ഗതാഗത കമീഷണറേറ്റ് നിർദേശം നൽകിയിരുന്നെങ്കിലും ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ ഒരിടത്തും ചൊവ്വാഴ്ച ടെസ്റ്റ് നടന്നില്ല.
മലപ്പുറം ആർ.ടി.ഒ ഓഫിസിനും പെരിന്തൽമണ്ണ, നിലമ്പൂർ, കൊേണ്ടാട്ടി, തിരൂർ, തിരൂരങ്ങാടി, പൊന്നാനി സബ് ആർ.ടി. ഓഫിസുകൾക്കും കീഴിലാണ് ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്നത്. മേയ് രണ്ടിന് സമരം ആരംഭിച്ചശേഷം ജില്ലയിലെവിടെയും ടെസ്റ്റ് നടന്നിട്ടില്ല. തിരുവനന്തപുരത്ത് നടന്ന ചർച്ചയെതുടർന്ന് പിറ്റേദിവസം സി.െഎ.ടി.യു സമരത്തിൽനിന്നും പിൻമാറിയെങ്കിലും പ്രതിപക്ഷ യൂനിയനുകൾ ബഹിഷ്കരണം തുടരുകയാണ്.
അപ്രായോഗികവും അശാസ്ത്രീയവുമായ സർക്കുലർ പൂർണമായും പിൻവലിക്കണമെന്നാണ് പ്രതിപക്ഷ യൂനിയനുകളുടെ ആവശ്യം. ഇരട്ട ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന് നിർദേശം ഉള്‍പ്പെടെ ഫെബ്രുവരി മാസത്തിലുള്ള സർക്കുലർ പിൻവലിക്കാതെ സമരത്തിൽനിന്നും പിന്നോട്ടില്ലെന്നുമാണ് സമിതി പറയുന്നത്. ജില്ലയിൽ ടെസ്റ്റ് നടക്കുന്ന ഏഴ് ഗ്രൗണ്ടുകളും ഡ്രൈവിങ് സ്കൂളുടമകൾ വാടകക്കെടുത്തതാണ്. സ്കൂളുടമകളുടെ വാഹനങ്ങളാണ് ഇതുവരെ ഉദ്യോഗസ്ഥർ ടെസ്റ്റിന് ഉപയോഗിച്ചിരുന്നതും.
ഡ്രൈവിങ് സ്കൂളുകളുടെ നിയന്ത്രണത്തിലുള്ള ഗ്രൗണ്ടുകൾ, ഉദ്യോഗസ്ഥർക്ക് നിയമപരമായി ഉപയോഗിക്കാൻ പറ്റുമോയെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. ഡ്രൈവിങ് സ്കൂളുകളിലെ പഠിതാക്കൾ സ്ലോട്ടിന് അപേക്ഷിക്കാതെ വിട്ടുനിൽക്കുന്നുണ്ട്. ആരെങ്കിലും സ്വന്തം വണ്ടിയുമായി ടെസ്റ്റിന് തയാറായാൽ നടത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉദ്യോഗസ്ഥർ ടെസ്റ്റ് എടുക്കാൻ എല്ലാ ദിവസവും ഗ്രൗണ്ടുകളിൽ പോകുന്നുണ്ടെന്നും ആരും വരാത്തതിനാലാണ് ടെസ്റ്റ് നടക്കാത്തെതന്നും മലപ്പുറം ആർ.ടി.ഒയുടെ ചുമതലയുള്ള എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീർ പറഞ്ഞു.
മലപ്പുറം: ഓരോദിവസം സ്ലോട്ട് നഷ്ടമാകുന്നവർക്ക് മാസങ്ങള്‍ക്ക് ശേഷമായിരിക്കും പുതിയ ടെസ്റ്റിന് അവസരം ലഭിക്കുന്നത്. ലേണേഴ്സ് കഴിഞ്ഞാൽ ആറ് മാസത്തിനുള്ളിൽ ടെസ്റ്റ് ജയിച്ചിരിക്കണം. സമരം നീണ്ടുപോയാൽ സമയപരിധിക്കുള്ളിൽ ഇവർക്ക് ടെസ്റ്റിൽ പങ്കെടുക്കാനാകുമോയെന്നും സംശയമാണ്. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40 ആയി നിജപ്പെടുത്തിയുള്ള തീരുമാനം വന്നതോടെ നേരത്തെ ടെസ്റ്റിന് സമയം അനുവദിച്ചവർക്കുള്ള സ്ലോട്ട് റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.