വെട്ടത്തൂർ: കാര്യാവട്ടം വില്ലേജ് പരിധിയിൽ മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് ഇനി ചോർന്നൊലിക്കാത്ത വീട്ടിൽ ഭീതിയില്ലാതെ അന്തിയുറങ്ങാം. മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ നിലംപൊത്താറായ വീടുകൾ താൽക്കാലികമായി പുനർനിർമിച്ചു നൽകി. മഴക്കാലമായാൽ ടാർപോളിൻ വലിച്ചുകെട്ടിയ കൊച്ചുകൂരകൾ ചോർന്നൊലിക്കുകയും രാത്രികാലങ്ങളിൽ ഭീതിയോടെ ഉണർന്നിരിക്കുകയുമായിരുന്നു േകാളനിവാസികൾ. വീടുകൾ പുനർനിർമിച്ചതോടെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കുടുംബങ്ങൾ. നാല് കുടുംബങ്ങൾക്ക് താമസിക്കാനായി രണ്ട് വീടുകളാണ് താൽക്കാലികമായി നിർമിച്ചുനൽകിയത്.
അഞ്ച് കുടുംബങ്ങളിലായി കുട്ടികളുൾപ്പെടെ 13 അംഗങ്ങളാണ് കോളനിയിലുള്ളത്. ഒരു വീട് വാസയോഗ്യമാണ്. വീട് നിർമിക്കാനാവശ്യമായ വസ്തുക്കൾ വായനശാല പ്രവർത്തകർ ഒരു കിലോമീറ്ററോളം തലച്ചുമടായി മലമുകളിലെത്തിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ തുടങ്ങിയ നിർമാണം ഉച്ചക്ക് ശേഷമാണ് അവസാനിച്ചത്. കോളനിയിലെ നാല് കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് ലഭ്യമായിട്ടുണ്ടെങ്കിലും അനുയോജ്യമായ ഭൂമി ലഭ്യമാകാത്തതാണ് സ്വന്തമായി വീട് എന്ന സ്വപ്നത്തിന് തടസ്സമാകുന്നത്.
സ്ഥലം വാങ്ങാനും വീട് നിർമിക്കാനുമാണ് സർക്കാർ ഫണ്ട് നൽകിയിരിക്കുന്നത്. വീട് നിർമാണത്തിന് വിദ്യാപോഷിണി ഗ്രന്ഥാലയം പ്രസിഡൻറ് കെ. ജാഫർ, േജാ. സെക്രട്ടറി കെ. ഫിറോസ്, ഡോ. പി.വി. അരുൺ, കെ. ഹൈദരലി, കെ. അബ്ബാസ്, കെ. യൂസുഫ്, എം. ഉമ്മർ, കെ.ടി. മജീദ്, പി.കെ. ഷിഹാബ്, കെ. കുഞ്ഞിമൂസ, കെ. ഷെരീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.