അമരമ്പലത്ത് സ്വർണാഭരണ മോഷണം: അയൽവാസിയായ യുവതി അറസ്റ്റിൽ

പൂക്കോട്ടുംപാടം: അമരമ്പലത്ത് അടച്ചിട്ട വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷണംപോയ സംഭവത്തിൽ മുൻ ജില്ല ക്രിക്കറ്റ് താരവും അയൽവാസിയുമായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമരമ്പലം സൗത്ത് കരുനെച്ചിക്കുന്ന് ചെറളക്കാടൻ ശ്യാമ സി. പ്രസാദിനെയാണ് (22) പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ സി.എൻ. സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്.

മേയ് 14ന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. അമരമ്പലം ഇട്ടേപ്പാടൻ ഉഷയുടെ വീട്ടിൽ കിടപ്പുമുറിയുടെ കട്ടിലിനടിയിൽ പെട്ടിയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവനോളം തൂക്കംവരുന്ന സ്വർണാഭരണമാണ് കളവുപോയത്.പരാതിക്കാരിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി ഇവരുടെ വീട്ടിൽ നിത്യസന്ദർശകയായിരുന്നു. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം മനസ്സിലാക്കിയ ശ്യാമ കൂട്ടുകാരിയുമൊത്ത് ആളില്ലാത്ത സമയം നോക്കി വീട്ടിലെത്തി.

അടുക്കളവാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന് കുറച്ച് ആഭരണങ്ങൾ എടുത്ത് മടങ്ങി. പിന്നീട് വീട്ടിലെത്തിയ ശേഷം ഉച്ചയോടെ വണ്ടൂരിലെ ജ്വല്ലറിയിലെത്തി പുതിയ ആഭരണങ്ങൾ മാറ്റി വാങ്ങി. ബാക്കി കിട്ടിയ പണംകൊണ്ട് രണ്ട് പുതിയ മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും വാങ്ങുകയും തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ലോഡ്ജുകളിൽ താമസിച്ച് തിരിച്ചുവരുകയുമായിരുന്നു.

മേയ് 24ന് ബന്ധുവിന്‍റെ കല്യാണത്തിന് പോകാൻ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകി. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് ശ്യാമയുടെ പങ്ക് വ്യക്തമായത്. അമ്മയെയും പെൺ സുഹൃ ത്തിനെയും കൂട്ടി വന്ന പ്രതി ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു.

കളവ് നടത്തിയ വിധവും തൊണ്ടി മുതലിനെക്കുറിച്ചുള്ള വിവരവും നൽകുകയും ചെയ്തു. സംശയത്തിന്‍റെ പേരിൽ ഇതിനുമുമ്പ് സ്റ്റേഷനിലേക്ക് പല പ്രാവശ്യം വിളിപ്പിച്ചെങ്കിലും ചങ്കൂറ്റത്തോടെ പെറുമാറിയ ശ്യാമ കുറ്റം നിഷേധിക്കുകയും നിരപരാധിയായ തന്നെ പൊലീസ് ചോദ്യം ചെയ്യുന്നതിനെതിരെ പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മുഴുവൻ ആഭരണങ്ങളും മോഷണം പോവാതിരുന്നതും വീട്ടിലുള്ള കാര്യം ശ്യാമക്കറിയാമെന്നതും അടുത്തിടെയായി പെൺ സുഹൃത്തുമായി കറങ്ങിയുള്ള ആർഭാട ജീവിതവുമാണ് അന്വേഷണം ശ്യാമയിലേക്ക് എത്തിച്ചത്. സുഹൃത്തിനൊപ്പം ഒരുമിച്ചു താമസിക്കാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

വണ്ടൂരിലെ ജ്വല്ലറിയിലെത്തി തെളിവെടുപ്പു നടത്തിയ ശേഷം നിലമ്പൂർ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.പൂക്കോട്ടുംപാടം സി.ഐ സി.എൻ. സുകുമാരൻ, എസ്.ഐ ജയകൃഷ്ണൻ, എസ്.സി.പി.ഒ ജയലക്ഷ്മി എന്നി വരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം. അസൈനാർ, എൻ.പി. സുനിൽ, ടി. നിബിൻദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Tags:    
News Summary - Theft of gold in Amarambalam: A neighbor woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.