തിരുനാവായ: ഇന്ത്യൻ വിദ്യാഭ്യാസരീതി ലോകത്തിനാകമാനം മാതൃകയാണെന്നും ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽനിന്ന് നിലവാരമുള്ള ബിരുദധാരികൾ വളർന്നുവരുന്നതിൽ സന്തോഷമുണ്ടെന്നും തുനീഷ്യൻ മുൻ വിദ്യാഭ്യാസമന്ത്രിയും അറബ് ലീഗ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. അബ്ദുല്ലത്തീഫ് അബീദി. ഖിദ്മത് ആർട്സ് ആൻഡ് സയൻസ് കോളജ് വിദേശഭാഷ വിഭാഗം 'വിദ്യാഭ്യാസം, ഭാഷ ആൻഡ് പ്രഫഷനലിസം' വിഷയത്തിൽ സംഘടിപ്പിച്ച ഇന്റർനാഷനൽ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൂജ്യം ലോകത്തിന് സംഭാവന ചെയ്ത രാജ്യമായ ഇന്ത്യയിലെ വിദ്യാർഥികൾക്ക് മധ്യപൗരസ്ത്യ പ്രദേശങ്ങളിൽ സാങ്കേതികവും ഭാഷാപരവുമായ സാധ്യതകൾ അനന്തമാണെന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തന്റെ എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. ഹുസൈന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ കോളജ് ഗവേണിങ് ബോഡി ചെയർമാൻ എം.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം ഫൈസി അമാനത്ത്, എ.കെ. അബ്ദുന്നാസർ ഹാജി എന്നിവർ സംസാരിച്ചു. അറബിക് വിഭാഗം അസി. പ്രഫ. അബ്ദുറഹിമാൻ അമാനത്ത് സ്വാഗതവും ഇംഗ്ലീഷ് വിഭാഗം തലവൻ മുഹമ്മദ് മിഖ്ദാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.