വെളിയങ്കോട്: ജില്ലയിലെ ആദ്യത്തെ കടലാമ സംരക്ഷണ കേന്ദ്രമായ വെളിയങ്കോട് പത്തുമുറിയിൽ കടലാമക്കുഞ്ഞുങ്ങൾക്ക് സുഖവാസം. വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി വന്യജീവി വകുപ്പിന് കീഴിലാണ് വെളിയങ്കോട് കടൽത്തീരത്ത് കടലാമകൾക്ക് സംരക്ഷണമൊരുക്കുന്നത്.
ഫെബ്രുവരി 25നാണ് ജില്ല സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിെൻറ സഹകരണത്തോടെ 95 ആമമുട്ടയുമായി തീരത്തെ മണൽപ്പരപ്പിൽ കെട്ടിത്തിരിച്ചു ഹാച്ചറി പോലെയാക്കിയത്.
രാപ്പകൽ വ്യത്യാസമില്ലാതെ ഒന്നരമാസത്തോളം വെളിയങ്കോട് സ്വദേശി കുരിക്കളകത്ത് മുഹമ്മദ് കടലാമയുടെ മുട്ടകൾക്ക് കാവലിരുന്നു. രാത്രികാലങ്ങളിലാണ് മുട്ടയിടാനായി കടലാമകൾ കരയിലെത്തുക. ഒരു കടലാമ നൂറിലധികം മുട്ടയിടും. മുട്ടയിട്ട് കടലാമ മടങ്ങിയാൽ ഇവ ശേഖരിച്ച് പ്രത്യേകം തയാറാക്കിയ കുഴികളിലേക്ക് മാറ്റും.
ഇവ പരിപാലിച്ചാണ് കുഞ്ഞുങ്ങളെ പുറത്തിറക്കുന്നത്. മാർച്ച് ആദ്യത്തിൽ മൂന്ന് ആമകൾ കരയിൽക്കയറി മുട്ടയിട്ടതോടെ 333 എണ്ണമായി. 45 ദിവസത്തെ കാത്തിരിപ്പിനിടെ ആദ്യ ബാച്ച് ഒലിവ് റിഡ്ലി വിഭാഗത്തിലെ നൂറോളം കടലാമക്കുഞ്ഞുങ്ങളെ ജില്ല സോഷ്യൽ ഫോറസ്ട്രി അധികൃതർ എത്തി കടലിലേക്കൊഴുക്കി. രണ്ടാംതവണ 21 ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടയച്ചു.
വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടേൽ, വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപുറത്ത്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ നാരായണൻകുട്ടി, ദിവാകരൻ ഉണ്ണി, വാർഡ് മെംബർമാരായ മുസ്തഫ, ഷെരീഫ മുഹമ്മദ്, പരിപാലകൻ കുരിക്കളകത്ത് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.