തിരൂർ: പുറത്തൂർ പുതുപ്പള്ളി മഠത്തിപ്പടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് വളയ കിണറെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ച മുമ്പാണ് കടവത്ത് പറമ്പിൽ ഉണ്ണികൃഷ്ണന്റെ പാടത്ത് പണിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കളിമണ്ണ് കൊണ്ടുള്ള ചെറിയ കിണർ കണ്ടത്. ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള കിണർ കാണുന്നത്. 500 വർഷം പഴക്കമുണ്ടെന്ന് കരുതുന്നു. വളയകിണർ പുരാവസ്തു വകുപ്പ് ഉത്ഖനനം തുടങ്ങി.
തെർമോലുമിനെസെൻസ് നടത്തി കാലപ്പഴക്കം കണക്കാക്കുമെന്ന് ഉത്ഖനനത്തിന് നേതൃത്വം നൽകുന്ന കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ചാർജ് ഓഫിസർ കെ. കൃഷ്ണരാജ് പറഞ്ഞു. സംസ്ഥാനത്ത് ചുരുക്കം ചില ഭാഗങ്ങളിൽ മാത്രമേ ഇത്തരം കിണറുകൾ കണ്ടെത്തിയിട്ടുള്ളൂ. മൂന്നടി വീതിയും അഞ്ചടിക്കടുത്ത് ആഴവും കാണുന്നുണ്ട്. സാധാരണ ആവശ്യങ്ങൾക്ക് വേണ്ടി തന്നെയാകാം ഈ കിണർ ഉപയോഗിച്ചിരുന്നതെന്നാണ് നിഗമനം.
ചെറിയ തട്ടുകളായാണ് നിർമാണം. മറ്റിടങ്ങളിൽ കണ്ടെത്തിയതിൽനിന്ന് വ്യത്യസ്തമായി താഴോട്ട് പോകുമ്പോൾ വലയത്തിന്റെ വലുപ്പം കുറഞ്ഞുവരുന്നുണ്ട്. മ്യൂസിയത്തിലെ ഗൈഡ് വി.എ. വിമൽകുമാറും സംഘത്തിലുണ്ട്. ഈ വാരാന്ത്യത്തോടെ ഉത്ഖനനം പൂർത്തിയാകും. മലയാള സർവകലാശാലയിലെ സംസ്കാര പൈതൃക വകുപ്പിലെ പഠനസംഘവും ഇവിടെയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.