തിരൂർ: തിരൂർ പൊലീസ് ലൈൻ -പൊന്മുണ്ടം ബൈപാസിലെ മുത്തൂരിലെ റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽനിന്നുള്ള അനുമതി ലഭിച്ചതിന് ശേഷം ആദ്യമായി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും കുറുക്കോളി മൊയ്തീൻ എം.എൽ.എയും പദ്ധതി സ്ഥലം സന്ദർശിച്ചു.
അപ്രോച്ച് റോഡ് നിർമാണം തുടങ്ങുന്നത് സംബന്ധിച്ച് തിരൂർ ടി.ബിയിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഇരുവരും സ്ഥലം സന്ദർശിച്ചത്. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി നസീമയും കൂടെയുണ്ടായിരുന്നു.
കേന്ദ്ര സർക്കാറിന്റെ സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി സെൻട്രൽ റോഡ് ഫണ്ടിൽനിന്ന് അനുവദിച്ച 33 കോടി രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കുന്നത്. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ യോജിച്ച പ്രവർത്തനമാണ് പദ്ധതിക്ക് അനുമതി ലഭിക്കാൻ സഹായകരമായത്.
പതിറ്റാണ്ടുകളായുള്ള തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ സ്വപ്നങ്ങൾക്ക് ഉടൻ സാഫല്യമുണ്ടാകുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും കുറുക്കോളി മൊയ്തീൻ എം.എൽ.എയും പറഞ്ഞു. തിരൂർ -പൊന്മുണ്ടം ബൈപാസ് ആർ.ഒ.ബിയുടെ ബാക്കി നിർമാണം നടക്കാനുള്ള സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.