സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണം തട്ടൽ; ചാവക്കാട് സ്വദേശി തിരൂരിൽ പിടിയിൽ

തിരൂർ: പ്രായമായ സ്ത്രീകളെ സമീപിച്ച് പെൻഷനും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പട്ടാട്ട് യൂസഫിനെയാണ് (42) പിടികൂടിയത്.തിരൂർ സ്വദേശിനിയിൽനിന്ന് പെൻഷൻ വാഗ്ദാനം ചെയ്ത് മൂന്നരപവൻ കൈക്കലാക്കിയ കേസിലാണ് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞയാഴ്ചയിലാണ് ഇയാൾ തിരൂരിൽ വെച്ച് പെൻഷൻ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് മധ്യവയസ്കയെ സമീപിച്ച് പ്രീമിയം അടയ്ക്കാനുള്ള തുകയുടെ പേര് പറഞ്ഞ് സ്വർണാഭരണം കൈക്കലാക്കിയത്. കഴിഞ്ഞ ദിവസം പുലർച്ച ചാവക്കാട്ടെ വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണത്തിൽ സ്വർണാഭരണങ്ങൾ കോഴിക്കോട് മിഠായി തെരുവിലെ ജ്വല്ലറിയിൽനിന്ന് ഉരുക്കിയ നിലയിൽ പൊലീസ് കണ്ടെടുത്തു. തൃശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ള പ്രതി കഴിഞ്ഞവർഷം സമാനമായ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു.

നിലവിൽ ഇത്തരത്തിലുള്ള കേസുകൾ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ ഇയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. വളാഞ്ചേരി, നല്ലളം പൊലീസ് സ്റ്റേഷനുകളിൽ കബളിപ്പിക്കപ്പെട്ട സ്ത്രീകളുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി വലയിലായത്.

തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ പ്രതീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിത്ത്, രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണിക്കുട്ടൻ വേട്ടാത്ത്, സി. അരുൺ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Cheating women and stealing gold; A native of Chavakkad was arrested in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.