തിരൂർ: വി.എഫ്.പി.സി.കെയുടെ നേതൃത്വത്തിൽ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരണം ചൊവ്വാഴ്ച ആരംഭിക്കും. വണ്ടൂർ പഞ്ചായത്തിലെ കൂരാട്ട്, തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂർ, മൂത്തേടം, ഏലംകുളം, മങ്കട പഞ്ചായത്തിലെ വെള്ളില, വള്ളിക്കുന്ന് പഞ്ചായത്തിലെ കൊടക്കാട്, പെരുവള്ളൂർ പഞ്ചായത്തിലെ തലപ്പാറ, അങ്ങാടിപ്പുറം എന്നീ ഒമ്പത് കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പച്ചത്തേങ്ങ സംഭരണം തുടങ്ങുന്നത്. എടവണ്ണ പഞ്ചായത്തിലെ കേന്ദ്രത്തിൽ കഴിഞ്ഞ വ്യാഴാഴ്ച സംഭരണത്തിന് തുടക്കമായിരുന്നു.
വെട്ടം പഞ്ചായത്തിലും ചൊവ്വാഴ്ച സംഭരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമാകാത്തതിനാൽ തുടങ്ങാനാവില്ലെന്ന് മാനേജർ വി.ആർ. അനിൽകുമാർ പറഞ്ഞു. ഉടനെ സ്ഥലം കണ്ടെത്തി അടുത്ത ആഴ്ചയിൽതന്നെ സംഭരണ കേന്ദ്രം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വാടക കെട്ടിടത്തിൽ തുടങ്ങാൻ കൃഷി വകുപ്പിൽനിന്ന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് വെട്ടത്ത് ആരംഭിക്കാനാകാത്തത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കർഷകരിൽനിന്ന് താങ്ങുവിലയായ കിലോക്ക് 32 രൂപ പ്രകാരം സംഭരിക്കുക. ഒരുകേന്ദ്രത്തിൽ ഒരുദിവസം പരമാവധി അഞ്ചുടൺ വരെ ശേഖരിക്കാനാണ് അനുമതി. ഇവ കേരഫെഡിന് കൈമാറും. കേരഫെഡ് കർഷകർക്ക് ബാങ്ക് വഴി തുക കൈമാറുന്ന വിധത്തിലാണ് പദ്ധതി.
കർഷകർ അതത് കൃഷി ഓഫിസർമാരിൽനിന്ന് വാങ്ങിയ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തനത് വർഷത്തെ ഭൂമിയുടെ കരമടച്ച രസീതി, ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുടെ പകർപ്പ് സഹിതം അതത് കൃഷിഭവനിൽ അപേക്ഷിക്കണം. കൂടുതൽ കേരകർഷകരുള്ള ജില്ലകളിൽ ഒന്നായ മലപ്പുറത്ത് നേരത്തേ ഒരു സംഭരണ കേന്ദ്രമാണ് സർക്കാർ ഒരിക്കിയിരുന്നത്.
എരമംഗലത്തായിരുന്നു നിലവിലുണ്ടായിരുന്ന കേന്ദ്രം. സമീപകാലത്തായി ഉണ്ടായ വിലയിടിവിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്ക് എരമംഗലത്തേക്ക് എത്തിക്കുന്നതിലെ വരുമാന നഷ്ടം കേരകർഷകരെ പ്രയാസത്തിലാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ലയിൽ കൂടുതൽ കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.