തിരൂർ: തിരൂർ നഗരത്തിലെ അതിരൂക്ഷമായ ഗതാഗത കുരുക്കഴിക്കാൻ പ്രത്യേക പഠനവുമായി മോട്ടോർ വാഹന വകുപ്പ്. ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നേതൃത്വത്തിലാണ് പഠന റിപ്പോർട്ട് തയാറാക്കുന്നത്. രണ്ട് വൻകിട സ്ഥാപനങ്ങൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാവുമെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. ഇതിനിടെയാണ് ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നേതൃത്വത്തിൽ പ്രത്യേക പഠന റിപ്പോർട്ട് തയാറാക്കുന്നത്.
റിപ്പോർട്ട് തയാറാക്കുന്നതിന്റെ ആദ്യഘട്ടത്തിലാണെന്ന് അദ്ദേഹം തിരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും കൃത്യമായ ബൈപാസ് റോഡുകളുടെ അപര്യാപ്തതയാണ് മുഖ്യകാരണമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുമ്പോഴും റോഡുകളുടെ വീതി കൂട്ടലുൾപ്പെടെ ഉണ്ടാകുന്നില്ല. കൂടുതൽ ബൈപാസുകൾ വന്നാലെ പരിഹാരമാകൂ.
അത്തരം വിഷയങ്ങൾ ഉൾപ്പെടുത്തിയ പഠന റിപ്പോർട്ട് ജില്ല സേഫ്റ്റി കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. തുടർന്ന് സർക്കാരിലേക്ക് സമർപ്പിക്കും. തിരൂരിൽനിന്ന് മറ്റിടങ്ങളിലേക്ക് രാത്രിയിൽ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ ബസുകൾക്ക് പെർമിറ്റുള്ളത് തിരൂരിലാണ്.
പെർമിറ്റ് ഉണ്ടായിട്ടും സർവിസ് നടത്താത്ത ബസുകൾക്കെതിരെ നടപടി സ്വീകരിക്കും. ഇതിന് മുന്നോടിയായി കലക്ടറുടെ സാന്നിധ്യത്തിൽ ബസുടമകളുടെ യോഗം വിളിക്കും. 49 എ.ഐ ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിട്ടുള്ളത്.
തിങ്കളാഴ്ച വൈകീട്ട് വൈലത്തൂർ-തിരൂർ പ്രധാന പാതയിലെ പയ്യനങ്ങാടിയിൽ ഗതാഗത കുരുക്കിനിടയാക്കിയ രണ്ട് സ്വകാര്യ ബസുകൾക്കെതിരെ നടപടിയുണ്ടാവുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു. തിരൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട ആർ.ടി.ഒ പി.എ. നസീർ പയ്യനങ്ങാടിയിലെ ഗതാഗത കുരുക്കഴിക്കാൻ നേരിട്ടിറങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.