തിരൂർ: വാഹന പരിശോധനക്കിടെ നിർത്താതെ പോയെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ പൊലീസുകാരൻ കൗണ്‍സിലറുടെയും രക്ഷിതാവിന്റെയും മുന്നിലിട്ട് മര്‍ദിച്ചതായി പരാതി. മുത്തൂര്‍ സ്വദേശിയായ തൊട്ടിയാട്ടില്‍ അക്ഷയ് (19), ചെറുകണ്ടത്തിൽ അക്ഷയ് (16) എന്നിവരെയാണ് തിരൂർ സ്റ്റേഷനിലെ ശ്രീജിത്ത് എന്ന പൊലീസുകാരൻ മർദിച്ചെന്നാണ് ആരോപണം.
ഞായറാഴ്ച രാവിലെ 11ഓടെ ഏഴൂർ പിസിപ്പടിയിലെ വാട്ടര്‍ ടാങ്ക് വളവില്‍വെച്ച് വാഹന പരിശോധനക്കിടെയാണ് സംഭവം. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഇരുചക്രവാഹനം കുറച്ചുസമയങ്ങള്‍ക്കുശേഷം വാഹനമോടിച്ച വിദ്യാര്‍ഥിയും പിൻസീറ്റിലുണ്ടായിരുന്ന വിദ്യാർഥിയുമായി കൗണ്‍സിലറും രക്ഷിതാവും പൊലീസിനെ സമീപിച്ചു. കൗണ്‍സിലറുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് വിദ്യാര്‍ഥികളെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ അകാരണമായി മർദിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
തിരൂർ പൊലീസിൽ പരാതി നൽകിയ വിദ്യാർഥിയെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം, അമിത വേഗത്തിലെത്തിയ വാഹനം ഡ്യൂട്ടിയിലുണ്ടിയിരുന്ന പൊലീസുകാരന്‍റെ കാലില്‍ തട്ടി നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് വിദ്യാർഥികളെ വിളിച്ചുവരുത്തി വിശദീകരണം തേടുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരനെ തിരൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന പരിശോധനക്കിടെ നിർത്താതെ പോയതിന് വാഹനമോടിച്ച വിദ്യാർഥിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.