തിരൂർ: പുറത്തൂർ പഞ്ചായത്തിൽ വൈദ്യുതി മുടക്കം പതിവായതോടെ പ്രതിഷേധവുമായി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി രംഗത്ത്. കെ.എസ്.ഇ.ബി പുറത്തൂർ സെക്ഷന് കീഴിലുള്ള പ്രദേശങ്ങളിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെയും വൈദ്യുതി തകരാറിന് പരിഹാരം കാണാൻ പുറത്തൂരിൽ പുതിയ സബ് സ്റ്റേഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 10ന് കെ.എസ്.ഇ.ബി പുറത്തൂർ സെക്ഷൻ ഓഫിസിലേക്ക് മാർച്ചും ധർണയും നടക്കും. പുറത്തൂരിൽ രാത്രികാല വൈദ്യുതി മുടക്കം പതിവായതോടെ ‘മാധ്യമം’വാർത്തയാക്കിയിരുന്നു. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇവിടെ സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യവും ശക്തമാണ്.
മുമ്പ് ആലത്തിയൂർ സെക്ഷന്റെ കീഴിലായിരുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കാവിലക്കാട് ആസ്ഥാനമാക്കി 10 വർഷം മുമ്പാണ് പുറത്തൂർ സെക്ഷൻ സ്ഥാപിച്ചത്. എന്നാൽ, ഇപ്പോഴും സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. നിലവിൽ തിരൂർ, പൊന്നാനി, എടപ്പാൾ തുടങ്ങിയ സബ്സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.
എന്നാൽ, പുറത്തൂർ ഏറ്റവും അവസാന ഭാഗമായതിനാൽ ലോഡ് കുറഞ്ഞ് ലൈൻ ഓട്ടോമാറ്റിക്കായി കട്ടായി പോകുന്നത് നിത്യസംഭവമാണ്. കടുത്ത ചൂടിൽ പ്രായമായവർക്കും കുട്ടികൾക്കും ഉറങ്ങാനാവാത്ത സ്ഥിതിയാണ്. പല സമയത്തും വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്.
ചമ്രവട്ടം പാലം മുതൽ പുറത്തൂർ ബസ് സ്റ്റാൻഡ് വരെയും മംഗലം പഞ്ചായത്തിലെ പുല്ലൂണി വരെയുമായി പതിനേഴായിരത്തോളം ഉപഭോക്താക്കളാണ് പുറത്തൂർ സെക്ഷൻ പരിധിയിലുള്ളത്. വൈദ്യുതി മുടക്കിന് ശാശ്വത പരിഹാരത്തിനായി വേഗത്തിൽ സബ് സ്റ്റേഷൻ സ്ഥാപിക്കാനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.