തിരൂർ: മൃഗചികിത്സ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക് തിരൂർ ബ്ലോക്ക്തല ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് മലപ്പുറം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജോയ് ജോർജ് പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.വി. പ്രഭാകരൻ കർഷകർക്ക് ക്ലാസെടുത്തു.
കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആൻഡ് ഡിസീസ് കണ്ട്രോള് എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ വെറ്ററിനറി യൂനിറ്റുകള്‍ ആരംഭിച്ചത്. തിരൂര്‍, നിലമ്പൂര്‍ ബ്ലോക്കുകളിലേക്കായി രണ്ട് വാഹനങ്ങളാണ് നിലവിൽ ജില്ലക്ക് അനുവദിച്ചത്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ സേവനത്തിനായി ബന്ധപ്പെടാം. ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സര്ജന്, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റൻഡന്റ് എന്നിങ്ങനെ മൂന്നുപേരാണുള്ളത്. തുടക്കത്തില്‍ ഉച്ചക്ക് ഒന്നുമുതല്‍ എട്ടു വരെയാണ് സേവനം.
ക്ഷീര കര്‍ഷകര്‍ക്ക് വാതില്‍പ്പടി സേവനം ലഭിക്കുന്നതിന് ഫീസ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. കന്നുകാലികള്‍, പൗള്‍ട്രി മുതലായവക്ക് 450 രൂപയാണ് നിരക്ക്. കൃത്രിമ ബീജദാനത്തിന് 50 രൂപ അധികം നല്‍കണം. അരുമ മൃഗങ്ങള്‍ക്ക് 950 രൂപ, ഒരേ വീട്ടിലെ കന്നുകാലികള്‍, പൗള്‍ട്രി, അരുമ മൃഗങ്ങള്‍ എന്നിവക്ക് ഒന്നിച്ചുള്ള ചികിത്സക്ക് 950 രൂപ എന്നിങ്ങനെയുമാണ് നിരക്ക്.
പരിപാടിയിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, നഗരസഭ കൗൺസിലർമാരായ വി. നന്ദൻ, പി. ഷാനവാസ്, തിരൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. പി ഉഷ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.