തിരൂർ: കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി മിച്ചഭൂമി പ്രദേശവാസികൾ. പുറത്തൂർ പഞ്ചായത്തിലെ പതിനൊഴാം വാർഡിൽ ഉൾപ്പെട്ട മിച്ചഭൂമി പ്രദേശത്തുള്ളവരാണ് വെള്ളം ലഭിക്കാത്തതോടെ സമരത്തിനൊരുങ്ങുന്നത്. കുടിക്കാൻ പോലും വെള്ളമില്ലാത്തതിനാൽ മാസങ്ങളായി ദുരിതത്തിൽ കഴിയുകയാണ് പ്രദേശവാസികൾ.
നാലു ദിവസത്തിലൊരിക്കൽ പൈപ്പ് ലൈൻ വഴി വെള്ളം വരുന്നുണ്ടെങ്കിലും ചെളിയും പായലും നിറഞ്ഞതിനാൽ കുടിക്കാനും മറ്റു ആവശ്യകൾക്ക് ഉപയോഗിക്കാൻ പോലും കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തുണി കെട്ടി കല്ലും മണ്ണും ഉപയോഗിച്ച് അരിച്ചെടുത്താണ് വെള്ളം ഉപയോഗിക്കുന്നത്.
പുഴയോട് അടുത്ത ഭാഗമായതിനാൽ കിണർ കുഴിച്ചാലും നല്ലവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ ഇത്തവണ ആർക്കും വോട്ടില്ലെന്ന കടുത്ത നിലപാടിലാണ് നാട്ടുകാർ.
മഞ്ഞപ്പിത്തമടക്കം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ലഭിക്കുന്ന വെള്ളം ഉപയോഗിക്കുന്നത് വലിയ ഭീഷണി തന്നെയാണ്. മാസങ്ങളായി കുടിവെള്ളം ക്ഷാമം മൂലം ദുരിതത്തിലായ പ്രദേശവാസികൾക്ക് വാർഡ് മെംബർ പനച്ചിയിൽ അബ്ദുൽ നൗഫൽ രണ്ടു തവണ സ്വന്തം ചിലവിൽ കുടിവെള്ളം എത്തിച്ച് കൊടുത്തത് ഇവർക്ക് നേരിയ ആശ്വാസമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.