തിരൂരങ്ങാടി: കരിപ്പൂർ വിമാന ദുരന്തത്തിെൻറ അമ്പരപ്പിൽനിന്ന് ഇനിയും മുക്തനായിട്ടില്ല തിരൂരങ്ങാടി കുണ്ടൂർ മൂലക്കൽ പൈനാട്ട് കുഞ്ഞുട്ടി എന്ന കുഞ്ഞുമുഹമ്മദ് (45). ലാൻഡിങ്ങിന് അരമണിക്കൂർ മുമ്പുതന്നെ ഒരുങ്ങാൻ സൂചിപ്പിച്ചുള്ള അനൗൺസ്മെൻറ് മുഴങ്ങിക്കൊണ്ടിരുന്നെങ്കിലും അസ്വാഭാവികത തോന്നിയില്ല.
പുറത്തിറങ്ങാനുള്ള തയാറെടുപ്പിൽ സീറ്റിൽ കുനിഞ്ഞിരുന്ന് ഷൂ ലേസ് കെട്ടുന്ന നിമിഷങ്ങളിൽതന്നെ എല്ലാം സംഭവിച്ചു. ചിറകുൾപ്പെട്ട ഭാഗത്തായിരുന്നു ഇദ്ദേഹം ഇരുന്നിരുന്നത്. ആ ഭാഗം നിലംതൊടാതെ ഉയർന്നായിരുന്നു നിന്നത്. കഷ്ടിച്ച് പത്തോ പതിനാലോ സീറ്റ് കാണും അതിൽ. ബാക്കിയെല്ലാം തകർന്നിരുന്നു. പിന്നിലെ സീറ്റ് തലയിൽ വന്നിടിച്ചതോടെ പ്ലാറ്റ്ഫോമിൽ വീണു. പ്രയാസപ്പെട്ട് എഴുന്നേറ്റപ്പോൾ കാണുന്നത് മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു. പുറത്തേക്ക് രക്ഷപ്പെടാനുള്ള ബദ്ധപ്പാടിനിടെ രണ്ടുപേർ സീറ്റിനുള്ളിൽ കാൽ കുടുങ്ങി അനങ്ങാനാവാതെ നിൽക്കുന്നു.
ഏതോ വിധത്തിൽ അവരെ രക്ഷപ്പെടുത്തി. മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കൈകളിൽ രക്തം പുരണ്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. കൈകൾക്കും തലക്കും ഒരുതരം മരവിപ്പ്. യാത്രക്കാരിലൊരാൾ മതിലിൽ കുടുങ്ങിനിന്ന എമർജൻസി ഡോർ തള്ളിത്തുറന്നതോടെ അതുവഴി പുറത്തേക്ക് ചാടി ചിറകിൽ നിൽപുറപ്പിച്ചു. പത്ത് പതിനഞ്ച് മിനിറ്റുനുള്ളിൽ നാട്ടുകാർ കുതിച്ചെത്തി ആശുപത്രികളിലേക്ക് കൊണ്ടുപോയി. നിലവിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കോവിഡ് പരിശോധന ഫലം കാത്തിരിക്കുകയാണ് കുഞ്ഞുട്ടി. പൈനാട്ട് കോമുക്കുട്ടി ഹാജിയുടെയും പരേതയായ ഫാത്തിമയുടെയും മകനായ കുഞ്ഞിമുഹമ്മദ് 15 വർഷം ദുബൈയിൽ വിവിധ ജോലികൾ ചെയ്തു. മൂന്നുമാസം മുമ്പാണ് വിസിറ്റിങ് വിസയിൽ ദുബൈയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.