തിരൂർ: തലക്കാട് പഞ്ചായത്തിൽ സ്വന്തം ഭൂമിക്ക് നികുതി അടക്കാനാവാതെ ലൈഫ് ഗുണഭോക്താക്കളുൾപ്പെടെ 35 കുടുംബങ്ങൾ ദുരിതത്തിൽ. കഴിഞ്ഞ സാമ്പത്തിക വർഷം വരെ സ്വന്തം ഭൂമിക്ക് നികുതി അടച്ചു കൊണ്ടിരുന്ന കുടുംബങ്ങൾക്ക് ഇക്കൊല്ലം മുതൽ നികുതി അടക്കാൻ അനുവാദമില്ല. സ്വന്തം സ്ഥലം എനിമി പ്രോപ്പർട്ടിയിൽ പെട്ടതാണെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം.
വിഭജന കാലത്ത് പാക്കിസ്താനിൽ പെട്ടവരുടെ പേരിലുള്ള ഭൂമിയാണ് എനിമി പ്രോപ്പർട്ടിയായി സർക്കാർ കണക്കാക്കുന്നത്. തലക്കാട് കണ്ണംകുളം കാരയിലുള്ള 35 കുടുംബങ്ങൾക്കാണ് നികുതി അടക്കാൻ സാധിക്കാതെ വന്നിട്ടുള്ളത്.
എന്നാൽ ഇത്തരം ആളുകളിൽനിന്നല്ല തങ്ങൾ ഭൂമി വാങ്ങിയതെന്ന് കുടുംബങ്ങൾ പറയുന്നത്. പലരും വർഷങ്ങൾക്ക് മുമ്പ് കടം വാങ്ങിയും മറ്റുമാണ് ഈ സ്ഥലങ്ങളിൽ വീടുവച്ച് താമസം തുടങ്ങിയത്. പലർക്കും നാല് സെന്റും അഞ്ച് സെന്റും ഭൂമിയാണുള്ളത്. പലരും കഴിഞ്ഞ വർഷം വരെ കൃത്യമായി കരം അടച്ചിട്ടുണ്ട്. കൈവശാവകാശ സർട്ടിഫിക്കറ്റും കുടിക്കട സർട്ടിഫിക്കറ്റുമെല്ലാം ഇവർക്ക് പലപ്പോഴായി ലഭിച്ചിട്ടുമുണ്ട്. പാക്കിസ്ഥാനിലേക്ക് പോയവരിൽ നിന്നല്ല ഈ ഭൂമി വാങ്ങിയതെന്ന് ദുരിതത്തിലായ കുടുംബങ്ങൾ പറയുന്നു.
അടിയാധാരങ്ങൾ പരിശോധിച്ചിട്ടും അത്തരമാളുകളുടെ പേരുകൾ കണ്ടെത്താനും ഇവർക്ക് കഴിഞ്ഞിട്ടുമില്ല. പിന്നെ തങ്ങളുടെ സ്വന്തം ഭൂമിയെങ്ങനെ എനിമി പ്രോപ്പർട്ടി പട്ടികയിൽപെട്ടെന്നാണ് ഇവർ ചോദിക്കുന്നത്. രണ്ടര വർഷം മുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം തിരൂർ താലൂക്കിലെ എനിമി പ്രോപ്പർട്ടികളുടെ പട്ടിക റവന്യു വകുപ്പ് തയാറാക്കിയത്. തലക്കാട്, തൃക്കണ്ടിയൂർ, തൃപ്രങ്ങോട്, മാറാക്കര, മംഗലം, പുറത്തൂർ വില്ലേജുകളിലെല്ലാം ഇത്തരം പ്രോപ്പർട്ടികളുണ്ടെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ തലക്കാട് വില്ലേജിലാണ് കൂടുതലുള്ളത്. തങ്ങളുടെ തെറ്റു കൊണ്ടല്ലാതെ ഉണ്ടായ പ്രശ്നത്തിനു പരിഹാരം തേടി കുടുംബങ്ങളെല്ലാം പഞ്ചായത്തംഗം ടി.കെ. ഹമീദിന്റെ നേതൃത്വത്തിൽ തഹസിൽദാർ, കലക്ടർ എന്നിവരെ കണ്ട് അപേക്ഷ നൽകിയിരുന്നു. അടുത്ത ദിവസം റവന്യൂ മന്ത്രിയെ കാണാൻ ഒരുങ്ങുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.