തിരൂർ: മലയാള സർവകലാശാല ഭൂമി ഇടപാട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി. മമ്മുട്ടി എം.എൽ.എ. കെട്ടിടത്തിന് കണ്ടെത്തിയ ഭൂമി നിർമാണ യോഗ്യമല്ലെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തൽ ഈ ഭൂമി സംബന്ധിച്ച് നേരത്തെ ഉന്നയിച്ച വിഷയങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ നിയമസഭയിൽ വിഷയം ഉന്നയിച്ചിട്ടും പരിഗണിക്കാതെ പോയ അതേ കാര്യമാണ് ഇപ്പോൾ ട്രൈബ്യൂണൽ വിദഗ്ധ സമിതി കണ്ടെത്തിയത്. അന്ന് പരാതികളും ആക്ഷേപങ്ങളും പരിഗണിക്കാതെ സ്വകാര്യ വ്യക്തികൾക്ക് നൽകിയ പണം തിരിച്ചുപിടിക്കാനും ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി തയാറാകണം.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറാണ് മലയാള സർവകലാശാല തുടങ്ങാൻ അഞ്ച് ഏക്കർ സ്ഥലത്ത് കെട്ടിടം പണിത് നടപടികൾ വേഗത്തിലാക്കിയത്. സ്വന്തമായ ആസ്ഥാനം നിർമിക്കാൻ സ്ഥലം ലഭ്യമാക്കാൻ നടപടി അന്നേ തുടങ്ങിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തുടർ പ്രവർത്തനങ്ങൾ നടത്താനായില്ല. പിന്നീട് വന്ന ഇടതുസർക്കാർ കെട്ടിട നിർമാണത്തിന് അനുയോജ്യമല്ലാത്ത പരിസ്ഥിതിലോല പ്രദേശം ഏറ്റെടുക്കാൻ തിടുക്കം കാട്ടുകയായിരുന്നു. ആയിരമോ രണ്ടായിരമോ വിലയുള്ള ഭൂമി 1.60 ലക്ഷത്തിന് ഏറ്റെടുത്തതിലൂടെ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. ശക്തമായ നിയമ, രാഷ്ട്രീയ പോരാട്ടങ്ങൾ ഇതിനെതിരെ ഉണ്ടാകും. അവിഹിത ഇടപാടിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും സി. മമ്മുട്ടി എം.എൽ.എ ഫേസ്ബുക്കിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.