തിരൂർ: മലയാളികളുടെ അഭിമാനമായ മലയാള സർവകലാശാലയെ സി.പി.എം ഗവേഷണ സ്ഥാപനമാക്കരുതെന്നും സർവകലാശാല പരിപാടികളിലും വൈസ് ചാൻസലറിൽനിന്ന് വ്യക്തിപരമായും സ്ഥലം എം.പിക്കും എം.എൽ.എക്കും ഉണ്ടാകുന്ന അവഗണന തുടരാൻ അനുവദിക്കില്ലെന്നും മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന തുഞ്ചത്തെഴുത്തച്ഛന്‍ ഛായാചിത്രത്തിെൻറ അനാച്ഛാദന പരിപാടിയിൽ മന്ത്രിയുടെ അഭാവത്തിൽ സ്ഥലം എം.എൽ.എയെ ക്ഷണിക്കുന്നതിനുപകരം വി.സി സ്വയം അനാച്ഛാദനം നടത്തി എം.എൽ.എയെ അവഗണിക്കുകയായിരുന്നു. ജനപ്രതിനിധിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 10ന് സർവകലാശാലക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ കൂട്ടം നടത്തും. യു.ഡി.എഫ് ജില്ല നേതാക്കൾ പങ്കെടുക്കും. വൈസ് ചാൻസലർ സി.പി.എമ്മിെൻറ വിനീത വിധേയനായി മാത്രം പ്രവർത്തിക്കുന്ന റബർ സ്റ്റാമ്പായിരിക്കുകയാണ്. സ്ഥലം എം.പിയെയും എം.എൽ.എയെയും അവഗണിച്ച് മുന്നോട്ടുപോകാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും യു.ഡി.എഫ് നേരിടും.
വാർത്തസമ്മേളനത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ പി. രാമൻകുട്ടി, മണ്ഡലം യു.ഡി.എഫ് കൺവീനർ വെട്ടം ആലിക്കോയ, പി. സൈതലവി മാസ്റ്റർ, പി.സി. ഇസ്ഹാഖ്, എം.പി. മുഹമ്മദ് കോയ, പി. അലി ഹാജി, ഉസ്മാൻ പറവണ്ണ, കണ്ടാത്ത് കുഞ്ഞിപ്പ എന്നിവർ പങ്കെടുത്തു. അതേസമയം, ചടങ്ങിൽ മന്ത്രിയുടെ അഭാവത്തിൽ തന്നെ പരിഗണിക്കാതെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, കേരള നിയമസഭ സ്പീക്കർ എന്നിവർക്ക് പരാതി നൽകി.
അനാച്ഛാദനം നടന്നത് പ്രോട്ടോകോള്‍ പ്രകാരം –വൈസ് ചാൻസലര്‍
തിരൂര്‍: മലയാള സര്‍വകലാശാലയില്‍ ശനിയാഴ്ച സംഘടിപ്പിച്ച തുഞ്ചത്തെഴുത്തച്ഛന്‍ ഛായാചിത്രത്തിെൻറ അനാച്ഛാദനം നടന്നത് പ്രോട്ടോകോള്‍ പ്രകാരമെന്ന് വൈസ് ചാൻസലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അറിയിച്ചു. ഛായാചിത്രം അനാവരണം പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയെകൊണ്ട് ചെയ്യിക്കാനായിരുന്നു ക്രമീകരണങ്ങള്‍ നടത്തിയിരുന്നത്. മന്ത്രിക്ക് എത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വൈസ് ചാന്‍സലർ തന്നെയാണ് അനാച്ഛാദന കർമം നിര്‍വഹിച്ചത്. സ്ഥലം എം.എല്‍.എ കുറുക്കോളി മൊയ്തീന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോകോള്‍ പ്രകാരവും സര്‍വകലാശാല ആക്ട് പ്രകാരവും ക്രമം ചാൻസലര്‍ കഴിഞ്ഞാല്‍ പ്രോ ചാന്‍സലറും അദ്ദേഹം കഴിഞ്ഞാല്‍ വൈസ് ചാന്‍സലറുമാണ്. ആയതിനാല്‍ അനാച്ഛാദനം തീര്‍ത്തും അംഗീകൃത പ്രോട്ടോകോള്‍ പ്രകാരമാണെന്ന് വൈസ് ചാൻസലർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.