തിരൂര്‍: തിരൂർ ജില്ല ആശുപത്രിയിൽ പുതിയ ഓങ്കോളജി ബ്ലോക്ക് ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മതിയായ അടിസ്ഥാന സൗകര്യം ഇവിടെയൊരുക്കും. ബ്ലോക്കിനായുള്ള ഫയർ എൻ.ഒ.സിയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പറും പെട്ടെന്നുതന്നെ ലഭ്യമാക്കും.
ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരൂർ ജില്ല ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതുൾപ്പെടെ സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ പ്രതിദിനം 42 പേരാണ് തിരൂർ ജില്ല ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നത്. 100 കണക്കിന് പേരാണ് പ്രതിദിനം വെയിറ്റിങ് ലിസ്റ്റിലുള്ളത്. സ്ഥല സൗകര്യമുണ്ടെങ്കിൽ സർക്കാർ വീണ്ടും ഉപകരണങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ഓങ്കോളജി ബ്ലോക്ക് ഉദ്ഘാടനം ജനുവരിയിൽ നടത്താൻ ശ്രമിക്കാമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചതായി തിരൂർ ജില്ല ആശുപത്രിയിൽ മന്ത്രിയെ അനുഗമിച്ച കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് ആരോഗ്യ മന്ത്രി തിരൂർ ജില്ല ആശുപത്രിയിലെത്തിയത്. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് മന്ത്രിയുടെ സന്ദർശനം.
മന്ത്രിക്കൊപ്പം കുറുക്കോളി മൊയ്തീൻ എം.എൽ.എക്കുപുറമെ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ എടശ്ശേരി, വി.കെ.എം. ഷാഫി, ഇ. അഫ്സൽ, ഡി.എം.ഒ ഡോ. രേണുക, ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ. റീന, മെഡിക്കൽ സൂപ്രണ്ട് അലിഖർ ബാബു തുടങ്ങിയവരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മന്ത്രിയെ അനുഗമിച്ചു.
കാഷിലിറ്റി, വിവിധ വാർഡുകൾ, ഓങ്കോളജി ബ്ലോക്ക് എന്നിവയിലും സന്ദർശനം നടത്തിയ മന്ത്രി രോഗികളോട് സംസാരിക്കുകയും കൂട്ടിരിപ്പുകാരുടെ പരാതികൾ കേൾക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.