തിരൂർ: തിരൂരിൽ നഗരസഭ സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസ് നവീകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി സ്റ്റേ സെന്ററാക്കി ഉയർത്തണമെന്ന് ആവശ്യം ശക്തമാവുന്നു. വർഷങ്ങൾക്ക് മുമ്പ് ചേംബർ ഓഫ് കൊമേഴ്സ് നിർമിച്ചു നൽകിയ താൽക്കാലിക കെട്ടിടത്തിലാണ് ഇപ്പോഴും ഓഫിസ് പ്രവർത്തിക്കുന്നത്. അടച്ചുറപ്പില്ലാത്ത കെട്ടിടത്തിൽ പേരിനു പോലും സൗകര്യങ്ങളൊന്നുമില്ല.
ഈ ഓഫിസിൽ തന്നെയാണ് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവിസും പ്രവർത്തനം ആരംഭിച്ചത്. ഓഫിസ് സ്റ്റേ സെന്ററായി പുനർനിർമിച്ച് സ്റ്റേ സർവിസിൽ വരുന്ന ജീവനക്കാർക്ക് രാത്രിയിൽ സ്റ്റേ ചെയ്യാൻ സൗകര്യം കൂടി ഉൾപ്പെടുത്തി വിപുലീകരിക്കണം എന്നാണ് ആവശ്യം. നിലവിൽ പാലക്കാട് ഡിപോ ഓപറേറ്റ് ചെയ്യുന്ന തിരൂർ-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ബസിലെ ജീവനക്കാർ ബസിൽ തന്നെയാണ് രാത്രി താമസിക്കുന്നത്.
മുമ്പ് മലപ്പുറം ഡിപ്പോ മറ്റൊരു സ്റ്റേ സർവിസ് ഓപറേറ്റ് ചെയ്തിരുന്നു. മലപ്പുറത്തുനിന്നും രാത്രി തിരൂരിലെത്തി പിറ്റേന്ന് പുലർച്ച അഞ്ചിന് തിരൂരിൽനിന്ന് മഞ്ചേരിയിലേക്ക് പുറപ്പെടുന്ന രീതിയിലായിരുന്നു സർവിസ്. ഈ ബസിലെ ജീവനക്കാർ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ തന്നെയായിരുന്നു രാത്രി കിടന്നിരുന്നത്. ഇവിടെ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഈ സർവിസ് നിർത്തേണ്ടി വന്നു.
നാല് ബസിലെ ജീവനക്കാർക്ക് എങ്കിലും രാത്രി സ്റ്റേ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണെങ്കിൽ തിരൂരിൽനിന്ന് ആരംഭിക്കുന്ന സർവിസുകൾ വർധിപ്പിക്കാനാവും. ഇതിൽത്തന്നെ സ്റ്റേഷൻ മാസ്റ്റർ ഓഫിസും റിസർവേഷൻ കൗണ്ടറും ആരംഭിക്കാനുമാകും. മാത്രമല്ല ബസുമായി പകൽ സർവിസ് വരുന്ന ജീവനക്കാർക്കും വിശ്രമിക്കുകയും ചെയ്യാം.
നിലവിലുള്ള കെട്ടിടത്തിൽ വാഷ് റൂം സൗകര്യവും ഇല്ല. ബസ് സ്റ്റാൻഡിലെ ടോയ്ലറ്റ് സംവിധാനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ സ്റ്റാൻഡിലെത്തുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ജീവനക്കാർക്ക് ആശ്രയം സമീപത്തെ പെട്രോൾ പമ്പും പള്ളികളുമാണ്. ഈയിടെ തിരൂർ വഴി ഒരുപാട് ദീർഘദൂര സർവിസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യങ്ങളില്ല. പലപ്പോഴും വൈകിയെത്തുന്ന ദീർഘദൂര ബസുകൾ വരുന്നതുവരെ നിൽക്കേണ്ട അവസ്ഥയാണുള്ളത്. ദീർഘദൂര ബസുകളുടെ ട്രാക്കുകളോട് ചേർന്ന് ഇരിപ്പിടങ്ങൾ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.