തിരൂർ: തിരൂർ ജില്ല ആശുപത്രിയിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. കോവിഡ് കാലത്ത് പി.എം. കെയേഴ്സിൽനിന്ന് രണ്ടുകോടി രൂപ ഉപയോഗിച്ച് നിർമിച്ചതായിരുന്നു ഓക്സിജൻ ജനറേറ്റർ പ്ലാന്റ്. 2021 ഒക്ടോബർ 21നായിരുന്നു ഇത് പ്രവർത്തനമാരംഭിച്ചത്.
ജില്ല ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജൻ പ്ലാന്റിൽനിന്ന് ഉൽപാദിപ്പിച്ച് ആശുപത്രിക്ക് നൽകുകയായിരുന്നു ചെയ്തിരുന്നത്. അപ്രതീക്ഷിതമായി ഇതിനുള്ളിൽനിന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടുവെന്നും അത് ഇടിമിന്നലിൽ കേടായി എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ വന്നു പരിശോധിച്ചപ്പോൾ ഇടിമിന്നൽ അല്ലെന്ന് റിപ്പാർട്ട് നൽകിയതെന്നാണ് വിവരം. ഇതോടെ പ്ലാന്റിന്റെ പ്രവർത്തനം നിലച്ച് ചുറ്റും കാടുമൂടി. ഇതിന്റെ അറ്റകുറ്റപണി നടത്താൻ ഒമ്പത് ലക്ഷം രൂപ വേണമെന്നും ഇതിന് മാനേജ്മെന്റ് കമ്മിറ്റിയിൽ ഫണ്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
പ്ലാന്റ് പ്രവർത്തനം തുടങ്ങും മുമ്പ് സ്വകാര്യ കമ്പനിയിൽനിന്ന് ലിക്വിഡ് ഓക്സിജനും സിലിണ്ടറും പണം കൊടുത്തു വാങ്ങുകയായിരുന്നു പതിവ്. പ്ലാന്റ് തുടങ്ങിയതോടെ ഇത് നിർത്തി. ഇപ്പോൾ വീണ്ടും മാസം 60,000 ത്തോളം രൂപ ചിലവിട്ട് സിലിണ്ടറും ലിക്വിഡ് ഓക്സിജനും വാങ്ങി കൊണ്ടിരിക്കുകയാണ്. എങ്ങനെ പ്ലാന്റിന്റെ വയറുകൾ കത്തിയെന്നത് ഇതുവരെ വ്യക്തമാകാത്തതിനാൽ പണം നൽകി വേണം അറ്റകുറ്റപണി നടത്താൻ. ഉപയോഗിക്കാത്തത് മൂലം പ്ലാന്റിലെ ഉപകരണങ്ങൾ നശിച്ചു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.